ബിബിഎ വിദ്യാര്‍ഥിനിയെ സുഹൃത്തുക്കള്‍ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തതായി പരാതി
നേരത്തെ ഫോണിലൂടെ പരിചയപ്പെട്ടവരാണ് ബലാത്സംഗത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
ഗുഡ്ഗാവ്: പതിനേഴുവയസുള്ള ബിബിഎ വിദ്യാര്‍ഥിനിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മുറിയിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കിയതായി പരാതി. നോയിഡയില്‍ ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. ഗുഡ്ഗാവില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഫാറൂഖ് നഗര്‍ സ്വദേശിനിയാണ് പെണ്‍കുട്ടിയെന്ന് പോലീസ് പറഞ്ഞു.
നേരത്തെ ഫോണിലൂടെ പരിചയപ്പെട്ടവരാണ് ബലാത്സംഗത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഞായറാഴ്ച നേരില്‍ കാണണമെന്ന് യുവാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. നേരില്‍ കണ്ടതോടെ യുവാക്കള്‍ പെണ്‍കുട്ടിയെ തങ്ങളുടെ മുറിയിലേക്ക് ക്ഷണിച്ചു. ഇവിടെവെച്ച് ഭീഷണിപ്പെടുത്തിയശേഷം ബലാത്സംഗത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി പറഞ്ഞു.

രണ്ടുലക്ഷം രൂപവേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പണം തന്നില്ലെങ്കില്‍ നേരത്തെ ഫോണിലൂടെ നടത്തിയ സംഭാഷണം പുറത്തുവിടുമെന്ന് യുവാക്കള്‍ പറഞ്ഞു. ബലാത്സംഗത്തിനുശേഷം സംഭവം പുറത്തുവിട്ടാല്‍ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പെണ്‍കുട്ടിക്ക് നേരത്തെ പരിചയമുള്ളവരായതിനാല്‍ വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ അറസ്റ്റ് ഉണ്ടാകൂ. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതികള്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications