ഡേ കെയറില്‍ കുഞ്ഞിനോട് ആയയുടെ ക്രൂരത; മുഖത്തടിച്ച് നിലത്തേക്ക് എറിഞ്ഞു; വായില്‍ പെന്‍സില്‍ കുത്തിക്കയറ്റി
പിഞ്ചു കുഞ്ഞുങ്ങളുള്ള ഉദ്യോഗസ്ഥകളായ അമ്മമാരുടെ ആശ്രയമാണ് ഡേ കെയറുകള്‍. വീട്ടില്‍ ജോലിക്കാരിയുടെ കൈകളില്‍ ഏല്‍പ്പിച്ചു പോകുന്നതിനേക്കാള്‍ സുരക്ഷിതം ഡേ കെയര്‍ ആണെന്നുള്ള വിശ്വാസത്തിലാണ് കുഞ്ഞുങ്ങളെ അവിടെ ഏല്‍പ്പിക്കുന്നത്. എന്നാല്‍ നോയിഡയില്‍ നിന്നുവരുന്ന ഒരു കൊടും ക്രൂരതയുടെ വാര്‍ത്ത അമ്മമാരുടെ സമാധാനം കെടുത്തുന്നതാണ്.
ഡേ കെയറില്‍ ഏല്‍പ്പിച്ചു പോയ 15 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനോട് അവിടുത്തെ കൗമാരക്കാരിയായ ജീവനക്കാരി ചെയ്ത ക്രൂരതയുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. നോയിഡയിലാണ് സംഭവം. വളരെ ക്രൂരമായി കുഞ്ഞിനെ ജീവനക്കാരി ഉപദ്രവിക്കുന്ന 10 മിനിറ്റ് 28 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഉറക്കെ കരയുന്ന കുഞ്ഞിനെ ജീവനക്കാരി തല്ലുകയും മുഖത്തടിക്കുകയും ശരീരത്തില്‍ പലയിടത്തായി കടിക്കുകയും പലതവണ നിലത്തേക്ക് എറിയുകയും ചെയ്തു. കുഞ്ഞിന്റെ വായില്‍ പെന്‍സില്‍ കുത്തിത്തിരുകുന്നുണ്ട്. കുഞ്ഞിന്റെ ദേഹത്താകെ കടിയേറ്റ പാടുകളാണ്.

നടക്കാന്‍ പോലും ആകാത്ത കുഞ്ഞിനെ നിലത്തു നിര്‍ത്തി നിരവധി തവണയാണ് ജീവനക്കാരി അടിക്കുന്നത്. ഇതെല്ലാം സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ പതിയുകയും ചെയ്തു. മാതാപിതാക്കള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയില്‍ ഡേ കെയറിലെ വനിത അറ്റന്‍ഡറായ സോണാലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡേ കെയര്‍ ഉടമയെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
നോയിഡയിലെ സെക്ടര്‍ 117 പരസ് ടിയേര റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ ബ്ലിപ്പി എന്ന ഡേ കെയറിലാണ് ഈ ക്രൂരത അരങ്ങേറിയത്. പിഞ്ചു കുഞ്ഞിനെ ജീവനക്കാരി ക്രൂരമായി മര്‍ദിക്കുന്നത് കണ്ടിട്ടും ഉടമ നോക്കി നില്‍ക്കുകയാണ് ചെയ്തത്. ജീവനക്കാരിയെ തടയാന്‍ ശ്രമിക്കുകയോ നടപടിയെടുക്കുകയോ ചെയ്യാത്തതിന്റെ പേരിലാണ് ഡേ കെയര്‍ ഉടമയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
മെയ് മുതലാണ് കുഞ്ഞിനെ ഡേ കെയറില്‍ ഏല്‍പ്പിക്കാന്‍ തുടങ്ങിയത്. രണ്ടു മണിക്കൂര്‍ മാത്രമാണ് കുഞ്ഞിനെ ഏല്‍പ്പിക്കുന്നത്. ഈ കുറഞ്ഞ സമയത്തിനുള്ളിലാണ് ഇത്രയും ക്രൂരത കുഞ്ഞ് അനുഭവിച്ചത്.
Noida - Sector-137 - पारस टियरा सोसायटी
— Rimjhim Jethani (@RimjhimJethani1) August 11, 2025
डे-केयर में 15 महीने की बच्ची से मारपीट और दांत काटने का आरोप
मेड ने थप्पड़ मारा, पटक दिया, प्लास्टिक बेल्ट से मारा और काटा
बच्ची जोर-जोर से रोती हुई दिखी
आरोपी मेड को पुलिस ने गिरफ्तार किया
अपने बच्चों को किसी के सहारे ना छोड़े 🙏🏻 pic.twitter.com/iTkb95I0VB
കഴിഞ്ഞ ദിവസം മകളെ വിളിക്കാന്‍ പോയ അമ്മ കുഞ്ഞ് ഏറെ ക്ഷീണതയാണെന്ന് തിരിച്ചറിഞ്ഞു. വീട്ടിലെത്തിയപ്പോള്‍ തുടയില്‍ പാടുകളും കണ്ടെത്തി. പിന്നാലെ ഡോക്ടറെ കാണിച്ചപ്പോള്‍ ഇത് മനുഷ്യരുടെ പല്ലുകളുടെ പാടുകള്‍ ആണെന്ന് വ്യക്തമായി. തുടര്‍ന്നാണ് ഡേ കെയറില്‍ എത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്.
ഇതോടെയാണ് ഞെട്ടിക്കുന്ന ക്രൂരതയുടെ പരമ്പര കണ്ടത്. സോണാലി കുഞ്ഞിനെ അടിക്കുന്നതും നിലത്തെറിയുന്നതും പ്ലാസ്റ്റിക് ബാറ്റ് കൊണ്ട് തല്ലുന്നതും കടിക്കുന്നതും ഒക്കെ ക്യാമറയില്‍ പതിഞ്ഞിരുന്നു.
തുടര്‍ന്ന് കുഞ്ഞിന്റെ അമ്മ ഇത് ചോദ്യം ചെയ്തപ്പോള്‍ ഡേ കെയര്‍ ഉടമയും സോണാലിയും മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിഞ്ചുകുഞ്ഞ് ഉറക്കെ കരഞ്ഞിട്ടുപോലും ഡേ കെയര്‍ ജീവനക്കാര്‍ യാതൊരു പരിഗണനയും കാണിച്ചില്ല. ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് സോണാലിക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. കൗമാരിക്കാരിയായ ജീവനക്കാരിക്ക് കുഞ്ഞുങ്ങളെ നോക്കാനുള്ള പരിശീലനം ലഭിച്ചിരുന്നില്ലെന്നും സൂചനയുണ്ട്.












Click it and Unblock the Notifications