റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ക്ക് ഇനി സ്ലീപ്പര്‍ ടിക്കറ്റ് ഇല്ല
പാലക്കാട്: മുന്‍കൂട്ടി റിസര്‍വ് ചെയ്യാതെ തീവണ്ടികളില്‍ സ്ലീപ്പര്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യാമെന്ന് ഇനി കരുതേണ്ട. മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ക്ക് ബുക്കിംഗ് കൗണ്ടറുകളില്‍ നിന്ന് സ്ലീപ്പര്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യം റെയില്‍വേ നിര്‍ത്താലാക്കി. റെയില്‍വേ ബോര്‍ഡിന്റെ പുതിയ തീരുമാനം സെപ്റ്റംബര്‍ 16 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ബുക്കിംഗ് ഓഫീസുകളില്‍ ഇനിമുതല്‍ സാധാരണ ടിക്കറ്റുകള്‍ മാത്രമാകും വിതരണം ചെയ്യുക. ഉയര്‍ന്ന ക്ളാസുകളിലേയ്ക്കും സ്ലീപ്പര്‍ കഌസുകളിലേയ്ക്കും ഹ്രസ്വദൂര യാത്രകള്‍ക്ക് ടിക്കറ്റ് നല്‍കാവുന്ന സംവിധാനം ഇതോടെ ഇല്ലാതായി. സ്ലീപ്പര്‍ ടിക്കറ്റെടുത്ത് ദീര്‍ഘദൂര വണ്ടികളില്‍ കയറുന്നവര്‍ റിസര്‍വ്ഡ് കമ്പാര്‍ട്ട്‌മെന്റുകളില്‍ കയറി സീറ്റിന് വേണ്ടി പ്രശ്‌നമുണ്ടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.

മുന്‍കൂര്‍ റിസര്‍വ് ചെയ്യാത്തവര്‍ക്ക് സ്ലീപ്പര്‍ ടിക്കറ്റുകള്‍ നല്‍കുന്നതില്‍ നിയന്ത്രണം വേണമെന്ന് റെയില്‍വേ ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ സൗകര്യം പൂര്‍ണമായും എടുത്തു കളഞ്ഞുകൊണ്ടുള്ള ഉത്തരവാണ് പുറത്ത് വന്നത്. പുതിയ നിയമം അനുസരിച്ച് ഇനി പെട്ടന്ന് യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്ക് സാധാരണ ടിക്കറ്റ് മാത്രമേ ലഭിയ്ക്കൂ. ഈ ടിക്കറ്റുമായി ടിടിഇമാരെ കണ്ടശേഷം സീറ്റ് ലഭ്യമാണെങ്കില്‍ മാത്രമേ റിസര്‍വ്ഡ് കോച്ചുകളില്‍ കയറാന്‍ കഴിയൂ. ഈ സമയം ഉയര്‍ന്ന കഌസിലെ ടിക്കറ്റിനാവശ്യമായ തുക കൂടി നല്‍കണം.












Click it and Unblock the Notifications