രാഷ്ട്രീയത്തിലിറങ്ങേണ്ട സാഹചര്യം വന്നാല്‍ അതിന് തയ്യാറാകും: രജനീകാന്ത്
ചെന്നൈ: രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് തനിയ്ക്ക് ഭയമില്ലെന്നും ദൈവം അനുവദിച്ചാല്‍ താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിയ്ക്കുമെന്ന് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അറസ്റ്റും ജയില്‍ വാസവും ആശങ്കയിലാഴ്ത്തിയ തമിഴ് ജനതയ്ക്ക് പ്രതീക്ഷ നല്‍കുന്ന വാക്കുകളാണ് സൂപ്പര്‍ സ്റ്റാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
ലിംഗ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഡിയോ റിലീസിനിടെയാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശത്തെപ്പറ്റി സംസാരിച്ചത്. താന്‍ സാഹചര്യങ്ങളുടെ സന്തതിയാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ട ഒരു സാഹചര്യം ഉണ്ടായാല്‍ തീര്‍ച്ചയായും താന്‍ അത് ചെയ്യുമെന്നും രജനീകാന്ത്.

രാഷ്ട്രീയത്തിന്റെ ആഴവും അപകടവും തനിയ്ക്ക് നല്ല ബോധ്യമുണ്ടെന്നും സ്‌റ്റൈല്‍ മന്നന്‍. ബിജെപി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ രജനീകാന്തുമായി അടുപ്പം സ്ഥാപിയ്ക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി അദ്ദേഹം നടത്തിയ പരാമര്‍ശവും ഏറെ ശ്രദ്ധേയമായി. സാമൂഹിക പ്രസക്തിയുള്ള സിനിമകള്‍ ചെയ്യുന്നത് തന്നെ സമൂഹിക സേവനമാണെന്നും നല്ല സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാകാന്‍ തനിയ്ക്ക് കഴിഞ്ഞുവെന്നും രജനീകാന്ത് പറഞ്ഞു.
ജയലളിതയുടെ അറസ്റ്റോടെ തമിഴ്നാട്ടില്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. രജനീകാന്തിനെപ്പോലുള്ള അഭിനേതാക്കള്‍ രാഷ്ട്രീയത്തില്‍ പ്രവേശിയ്ക്കണമെന്ന് ആരാധകര്‍ക്കിടയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. എംജിആറിനെയും ജയലളിതയെയും പോലെ തമിഴ് ജനതയുടെ മനം കവരാനും അവരെ നയിക്കാനും രജനീകാന്തിന് കഴിയുമെന്ന് ആരാധകര്‍ പ്രതീക്ഷിയ്ക്കുന്നു. രജനിയുടെ വാക്കുകള്‍ അവര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നു.












Click it and Unblock the Notifications