'ജർമ്മനല്ല ഇന്ത്യൻ', ബിജെപി പ്രചാരണം പൊളിച്ച് ധ്രുവ് റാഠി, 'ഇങ്ങനെ ഭയപ്പെടുത്താൻ നോക്കല്ലേ, ഭയമേ ഇല്ലാതാകും'
തനിക്ക് ഇന്ത്യന്‍ പൗരത്വം ഇല്ലെന്നും ജര്‍മ്മന്‍ പൗരനാണ് എന്നുമുളള ബിജെപി - സംഘപരിവാര്‍ ആരോപണം പൊളിച്ച് യൂട്യൂബര്‍ ധ്രുവ് റാഠി. സിജെപി സമരത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയ ധ്രുവ് റാഠിയെ ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് പുലര്‍ച്ചെ മാത്രമാണ് ധ്രുവ് റാഠിയെ പോലീസ് വിട്ടയച്ചത്.
ജര്‍മ്മന്‍ പൗരനായ ധ്രുവിന് എങ്ങനെ ഇന്ത്യയില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനാകുമെന്നും ധ്രുവിനെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കളടക്കം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിതനായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തനിക്ക് ഇന്ത്യന്‍ പൗരത്വമാണ് ഉളളതെന്ന് ധ്രുവ് വ്യക്തമാക്കിയത്.
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയാണ് സംഘപരിവാര്‍ പ്രചാരണത്തിന് ധ്രുവ് റാഠിയുടെ മറുപടി. ഞാന്‍ ഇന്ത്യന്‍ പൗരനാണ്, എന്നും ആയിരിക്കും, ധ്രുവ് പറഞ്ഞു. വിദേശപൗരന്‍ ആയത് കൊണ്ടാണ് തന്നെ കസ്റ്റഡിയില്‍ എടുത്തത് എന്ന് ഗോദി മീഡിയ പറയുന്നത് നുണയാണ്. ഇന്ത്യന്‍ പൗരനുളള എല്ലാ അവകാശങ്ങളും തനിക്കും ഉണ്ട്, ധ്രുവ് കൂട്ടിച്ചേര്‍ത്തു.
''പോലീസ് തന്നെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നില്ല, തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നും ധ്രുവ് റാഠി ആരോപിച്ചു. രാവിലെ 7 മണിക്ക് താന്‍ മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. വീടിന് പുറത്ത് നിരവധി ആളുകള്‍ ഉണ്ടായിരുന്നു. പോലീസുകാരല്ല, സാധാരണ വേഷത്തിലുളളവര്‍. പെട്ടെന്ന് ഇരുപതോളം പേര്‍ വരുന്ന ഒരു സംഘം വീടിന് അകത്തേക്ക് ഇരച്ച് കയറി. ബെഡ്‌റൂം തുറന്നപ്പോഴാണ് താന്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റത്.

അപ്പോഴാണ് എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസ്സിലായത്. പ്രതികരിക്കാന്‍ പോലും സാധിക്കുന്നതിന് മുന്‍പ് അവര്‍ തന്നെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. അങ്ങനെ തന്നെ പറയണം. കാരണം അതൊരു അറസ്റ്റോ കസ്റ്റഡിയോ ഒന്നും ആയിരുന്നില്ല. കസ്റ്റഡി ആയിരുന്നുവെങ്കില്‍ താന്‍ സമരത്തിന് പോവുകയോ അവിടെ വെച്ച് കസ്റ്റഡിയിലെടുക്കുകയോ വേണം. അറസ്റ്റ് ആണെങ്കില്‍ പോലീസ് യൂണിഫോമില്‍ വന്ന് രേഖകള്‍ കാണിക്കും. അങ്ങനെയെങ്കില്‍ സന്തോഷത്തോടെ പോയേന. ഇത് അങ്ങനെ ഒന്നും അല്ല സംഭവിച്ചത്.
ആ സമയത്ത് വീട്ടില്‍ അമ്മയും അച്ഛനും താനും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ വീടിന് പുറത്ത് ഇവരുടെ അന്‍പതോളം വരുന്ന ഗുണ്ടകള്‍ ഉണ്ടായിരുന്നു. തന്നെ വലിച്ചിഴച്ചാണ് വീട്ടില്‍ നിന്ന് ഒരു ക്രിമിനലിനെ പോലെ കൊണ്ട് പോയത്. ചെരിപ്പ് പോലും ഇടാന്‍ സമ്മതിച്ചില്ല. കയ്യിലൊക്കെ മുറിവുണ്ട്. തന്നെ ജീപ്പിലേക്ക് ഇട്ട് ഒരു പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി, അവിടെ നിന്ന് മറ്റൊരിടത്തേക്ക്.
ഇതിന്റെ വീഡിയോ പോലും ഇല്ല. കാരണം തന്റെ ഫോണും മാതാപിതാക്കളുടെ ഫോണുകളും അവര്‍ പിടിച്ചെടുത്തു. പോലീസ് സ്‌റ്റേഷനില്‍ വെച്ച് വക്കീലിനെ ബന്ധപ്പെടാനും അനുവദിച്ചില്ല. ഏകദേശം 20 മണിക്കൂര്‍ സമയം തന്നെ തടവിലിട്ടു. എന്നിട്ട് പറയുന്നതാകട്ടെ, ഇത് അറസ്റ്റല്ല, കസ്റ്റഡിയല്ല, വിടാം എന്ന്. പക്ഷേ അവര്‍ തന്നെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ കിഡ്‌നാപ് ചെയ്യുകയായിരുന്നു.
ഒരു ജനാധിപത്യ രാജ്യത്ത് ഇതാണ് സംഭവിക്കുക. മികച്ച തിരഞ്ഞെടുപ്പ് സംവിധാനം വേണം എന്ന് ആവശ്യപ്പെട്ടതിന്, സത്യം പറയുന്നതിന് ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നതാണോ ജനാധിപത്യത്തില്‍ നടക്കേണ്ടത്. നരേന്ദ മോദി ഈ രാജ്യത്തെ ഏകാധിപത്യത്തിലാക്കിയിരിക്കുന്നു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. അഭിജീതിനേയും അശുതോഷിനേയും ആയിരക്കണക്കിന് പ്രതിഷേധക്കാരെയും പ്രതിപക്ഷ നേതാക്കളേയും കസ്റ്റഡിയിലെടുത്തു. ഇത് അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ചിരുന്നു, നോര്‍ത്ത് കൊറിയയില്‍ സംഭവിക്കുന്നത് ഇപ്പോള്‍ നമ്മുടെ രാജ്യത്തും നടന്നിരിക്കുന്നു.
ഇപ്പോള്‍ തന്നെ നാലുപാട് നിന്നും നിരീക്ഷിക്കുകയാണ്. എന്ത് ചെയ്യുന്നുവെന്നും വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങുന്നുണ്ടോ എന്നൊക്കെ നോക്കുകയാണ്. അനൗദ്യോഗിക വീട്ടുതടങ്കലിലാണ് താന്‍ ഇപ്പോഴും. മോദിയോട് പറയാനുളളത്, ഇത്രയ്ക്കങ്ങ് ഭയപ്പെടുത്താന്‍ നോക്കിയാല്‍ ആ ഭയം തന്നെ അങ്ങ് ഇല്ലാതാകും. എത്രത്തോളം അടിച്ചമര്‍ത്താന്‍ നോക്കുന്നോ ജനം അത്രത്തോളം ഉയര്‍ന്ന് വരും, ചരിത്രത്തിലേക്ക് ഒന്ന് നോക്കൂ. ഏകാധിപതികളായ ഹിറ്റലറിനും മുസ്സോളിനിക്കും എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ഏകാധിപത്യത്തില്‍ ഏകാധിപതികളുടെ അന്ത്യം നല്ല രീതിയില്‍ ആയിരിക്കില്ല'', ധ്രുവ് റാഠി പറഞ്ഞു.


Click it and Unblock the Notifications
