'ആംബുലന്‍സ് വാടക നല്‍കാന്‍ പണമില്ല', മകന്റെ മൃതദേഹം ബാഗിലാക്കി ബസില്‍ സഞ്ചരിച്ച് പിതാവ്
കൊല്‍ക്കത്ത: ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ട പണമില്ലാത്തതിനാല്‍ കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി ബസില്‍ സഞ്ചരിച്ച് പിതാവ്. പശ്ചിമബംഗാളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബംഗാള്‍ ഗാളിയഗഞ്ച് സ്വദേശി ആഷിം ദേബ്ശര്‍മ്മയാണ് തന്റെ അഞ്ച് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി 200 കിലോ മീറ്റര്‍ ദൂരം ബസില്‍ സഞ്ചരിച്ചത്.
സിലിഗുരിയില്‍ നിന്ന് ഗാളിയഗഞ്ചിലുള്ള വീട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനായി 8000 രൂപയാണ് ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും പണം നല്‍കാനുള്ള ശേഷി പിതാവിനുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് അദ്ദേഹം ബസില്‍ കുഞ്ഞിന്റെ മൃതദേഹവുമായി സഞ്ചരിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിലിഗുരി നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജില്‍ ആഷിം ദേബ്ശര്‍മ്മയുടെ മകന്‍ ചികിത്സയിലായിരുന്നു. ഇവിടെ ചികിത്സയ്ക്കായി 16,000 രൂപയോളമാണ് ആഷിം ചെലവാക്കിയത്. എന്നാല്‍ ഇനി ചെലവാക്കാന്‍ പണമില്ലാത്തതിനാലാണ് ആരും അറിയാതെ ബാഗില്‍ മൃതദേഹവുമായി ബസില്‍ യാത്ര ചെയ്തത്.
സര്‍ക്കാരിന്റെ 102 ആബുലന്‍സിനെയാണ് ഇദ്ദേഹം ബന്ധപ്പെട്ടത്. എന്നാല്‍ മൃതദേഹം കൊണ്ടു പോകാന്‍ പണം ആവശ്യപ്പെടുകയായിരുന്നെന്ന് അദ്ദേഹം പറയുന്നു. സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബംഗാളിന്റെ യഥാര്‍ത്ഥ മുഖമാണ് ഇപ്പോള്‍ വെളിവായിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്വസ്തിയ സാഥി ആരോഗ്യപരിരക്ഷ പദ്ധതി പാവപ്പെട്ട ജനങ്ങള്‍ക്ക് ഫലപ്രദമായി എത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ഒരു കുഞ്ഞിന്റെ മരണത്തില്‍ പോലും ബി ജെ പി രാഷ്ട്രീയം കലര്‍ത്തുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം. കഴിഞ്ഞ ജനുവരിയില്‍ സമാനമായ സംഭവം ബംഗാളില്‍ നടന്നിരുന്നു.
ആബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ട പണം ഇല്ലാത്തതിനാല്‍ അമ്മയുടെ മൃതദേഹം തോളിലേന്തി മകന്‍ 40 കിലോ മീറ്ററോളം നടക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഒരു സന്നദ്ധ സംഘടന ഇടപെടുകയുണ്ടായി. തുടര്‍ന്ന് സംഘടന ഏര്‍പ്പെടുത്തിയ ആംബുലന്‍സിലാണ് മൃതദേഹം വീട്ടിലെത്തിച്ചത്.












Click it and Unblock the Notifications