ലുലു ഗ്രൂപ്പ് മാത്രമല്ല, മറ്റൊരു രാജ്യാന്തര കമ്പനി കൂടി വരുന്നു; 5630 കോടി നിക്ഷേപം, 6350 പേര്‍ക്ക് ജോലി
ഹൈദരാബാദ്: പ്രവാസി വ്യവസായി എംഎ യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് വമ്പന്‍ പദ്ധതികളുമായിട്ടാണ് ആന്ധ്ര പ്രദേശില്‍ കളംനിറയുന്നത്. നേരത്തെ നിക്ഷേപം വാഗ്ദാനം ചെയ്തുവന്ന ലുലുവിനെ മടക്കി അയച്ചിരുന്നു ആന്ധ്രയിലെ മുന്‍ സര്‍ക്കാര്‍. ചന്ദ്രബാബു നായിഡു വീണ്ടും അധികാരത്തിലെത്തിയതോടെയാണ് ലുലുവിനെ ക്ഷണിച്ചുകൊണ്ടുവന്നത്.
കോടികളുടെ നിക്ഷേപവും ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലിയും വാഗ്ദാനം ചെയ്യുന്ന ലുലുവിന് പക്ഷേ, അത്ര എളുപ്പമല്ല ആന്ധ്രയിലെ പ്രയാണം. വിജയവാഡ, വിശാഖപട്ടണം, തിരുപ്പതി എന്നിവിടങ്ങളിലാണ് ലുലു ഷോപ്പിങ് മാള്‍ പദ്ധതിയുള്ളത്. ഇതില്‍ വിജയവാഡയിലും വിശാഖപട്ടണത്തും ലുലുവിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്.

വിജയവാഡയില്‍ 4.15 ഏക്കറും വിശാഖപട്ടണത്ത് 13.7 ഏക്കറും ലുലുവിന് പാട്ടത്തിന് നല്‍കാനാണ് ആന്ധ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സിപിഎം, സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഇതിനെതിരെ രംഗത്തുവന്നു. ആന്ധ്രയില്‍ പ്രതിപക്ഷചേരിയിലാണ് ഇടതുപാര്‍ട്ടികള്‍. കണ്ണായ ഭൂമി 99 വര്‍ഷത്തേക്ക് തുഛംവിലയ്ക്ക് പാട്ടത്തിന് നല്‍കുന്നത് അനുവദിക്കില്ല എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ബുധനാഴ്ച വലിയ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടതുപാര്‍ട്ടികള്‍ മാത്രമല്ല, ആന്ധ്ര പ്രദേശിലെ പ്രധാന പ്രതിപക്ഷമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവരും ലുലുവിന് ഭൂമി നല്‍കുന്നതിനെ എതിര്‍ക്കുന്നു. ചെറുകിട സംരംഭകരെ തകര്‍ക്കുന്ന നീക്കമാണ് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ എടുക്കുന്നത് എന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് നരഹരഷെട്ടി നരസിംഹറാവു പ്രതികരിച്ചത്. പാരിസ്ഥിതിക പ്രശ്‌നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
5630 കോടിയുമായി വരുന്ന കമ്പനി
ലുലുവിന് മാത്രമല്ല, പ്രധാന വന്‍കിട കമ്പനികളെ ആന്ധ്രയിലേക്ക് ക്ഷണിക്കുകയാണ് ചന്ദ്ര ബാബു നായിഡു സര്‍ക്കാര്‍. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല, നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുമെന്നും നായിഡു പ്രഖ്യാപിച്ചു. ലോറസ് ലാബ്‌സ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് 531 ഏക്കര്‍ ഭൂമി വിട്ടുകൊടുക്കാനാണ് സര്‍ക്കാരിന്റെ മറ്റൊരു പ്രധാന തീരുമാനം.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഓഹരി വില വന്‍തോതില്‍ കുതിച്ച കമ്പനിയാണ് ലോറസ് ലാബ്‌സ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മരുന്ന് കമ്പനിയാണിത്. മറ്റു പല രാജ്യങ്ങളിലും ഇവര്‍ക്ക് ശാഖകളുണ്ട്. മറ്റു പല കമ്പനികളുടെയും ഓഹരികള്‍ കുത്തനെ ഇടിയുന്ന ഘട്ടത്തില്‍ പോലും ലോറസ് ലാബ്‌സ് നടത്തുന്ന മുന്നേറ്റം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
അനകപള്ളി ജില്ലയിലെ ഐപി രാംപിള്ളി ഫേസ്-2ലെ സ്ഥലമാണ് ലോറസ് ലാബ്‌സിന് വിട്ടുകൊടുത്തിരിക്കുന്നത്. ലോറസ് ലാബ്‌സ് സോണ്‍ സ്ഥാപിക്കാനാണ് ഈ സ്ഥലം ഉപയോഗിക്കുക. മരുന്ന് നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് വേണ്ടി 5630 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചുകഴിഞ്ഞു. എട്ടുവര്‍ഷത്തിനിടെ 6350 പേര്‍ക്ക് ജോലി ഉറപ്പാക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. കൂടുതല്‍ രാജ്യാന്തര കമ്പനികളെ ആന്ധ്രയിലേക്ക് കൊണ്ടുവരുമെന്ന് ചന്ദ്രബാബു നായിഡു പറയുന്നു.












Click it and Unblock the Notifications