ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വരുന്നത് ഈ സംസ്ഥാനത്ത് നിന്ന്...! കേരളമുണ്ടോ ലിസ്റ്റില്‍?
ന്യൂഡല്‍ഹി: സ്വര്‍ണത്തെ സുരക്ഷിതമായ നിക്ഷേപ മാര്‍ഗമായാണ് എല്ലാവരും കണക്കാക്കുന്നത്. പ്രതിദിനം സ്വര്‍ണത്തിന്റെ വില റോക്കറ്റ് കണക്കെയാണ് കുതിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണം വാങ്ങിയവരെ സംബന്ധിച്ചിടത്തോളം ഇരട്ടിയിലധികം വിലയാണ് വില്‍ക്കുമ്പോള്‍ ലഭിക്കുക. അതിനാല്‍ തന്നെ സ്വര്‍ണവില വര്‍ധിക്കുന്നത് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.
അതേസമയം വ്യക്തികള്‍ മാത്രമല്ല, രാജ്യങ്ങളും സ്വര്‍ണം വാങ്ങി കൂട്ടുന്നതില്‍ ശ്രദ്ധാലുക്കളാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ സ്വര്‍ണത്തിന്റെ കരുതല്‍ശേഖരം വര്‍ധിപ്പിക്കുകയാണ്. ലോകത്ത് ഏറ്റവുമധികം സ്വര്‍ണാഭരണങ്ങള്‍ കൈവശം വയ്ക്കുന്നത് ഇന്ത്യന്‍ സ്ത്രീകളാണ്. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം കൈവശം വച്ചിരിക്കുന്ന സംസ്ഥാനം ഏതാണെന്ന് നിങ്ങള്‍ക്കറിയാമോ?

ഇന്ത്യയിലെ സ്വര്‍ണ്ണ ഉല്‍പാദനത്തിന്റെ ഏകദേശം 80 ശതമാനവും കര്‍ണാടകയില്‍ നിന്നാണ് വരുന്നത്. അതിനാല്‍ തന്നെ രാജ്യത്തെ ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരമുള്ള സംസ്ഥാനം എന്ന നേട്ടം കര്‍ണാടകയ്ക്ക് സ്വന്തമാണ്. ഏറ്റവും കൂടുതല്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന രാജ്യത്തെ ഏക സജീവമായ പ്രാഥമിക സ്വര്‍ണ്ണ ഖനിയായ ഹട്ടി ഗോള്‍ഡ് മൈന്‍സ് കര്‍ണാടകയില്‍ ആണ് സ്ഥിതി ചെയ്യുന്നത്.
കര്‍ണാടക കഴിഞ്ഞാല്‍, ഇന്ത്യയുടെ മൊത്തം സ്വര്‍ണ അയിരിന്റെ 44 ശതമാനവും ബിഹാറിലാണ്. രാജസ്ഥാനില്‍ 25 ശതമാനവും സ്വര്‍ണ സമ്പത്തുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ ഉപഭോഗമുള്ള സംസ്ഥാനങ്ങളില്‍ കേരളം മുന്നിലാണ്. അതിനാല്‍ തന്നെ മലയാളികള്‍ സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ ആകാംക്ഷയോടെ നോക്കിക്കാണുന്നതാണ്. ഇന്നും കേരളത്തില്‍ സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 50 രൂപ കൂടുകയും ചെയ്തത്. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 59120 രൂപ ചെലവാക്കണം. ഒരു ഗ്രാം സ്വര്‍ണത്തിന് 7390 രൂപയാണ് ഇന്ന് കൊടുക്കേണ്ട വില. അതേസമയം രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. അമേരിക്കയുടെ കൈവശം 8,133 ടണ്‍ സ്വര്‍ണമുണ്ട്. ഈ സ്വര്‍ണ്ണത്തിന്റെ മൂല്യം ഏകദേശം 543,499.37 ദശലക്ഷം ഡോളറാണ്, അതായത് 45 ലക്ഷം കോടി രൂപ!
പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ജര്‍മ്മനിയാണ്. 3351 ടണ്‍ സ്വര്‍ണമാണ് ജര്‍മ്മനിയുടെ കൈവശമുള്ളത്. ഇറ്റലി (2451 ടണ്‍), ഫ്രാന്‍സ് (2436 ടണ്‍), ചൈന (2264 ടണ്‍), സ്വിറ്റ്‌സര്‍ലാന്റ് (1039 ടണ്‍), ഇന്ത്യ ( 853 ടണ്‍) എന്നിവരാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങള്‍.


Click it and Unblock the Notifications