സുരേഷ് ഗോപി മാത്രമല്ല, ജഗദീപ് ധങ്കര്‍ എവിടെ എന്ന ചോദ്യവും ശക്തം; അമിത് ഷാക്ക് കത്ത്
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ല എന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് തൃശൂരിലെ പോലീസില്‍ പരാതി ലഭിച്ചത്. ആഴ്ചകളായി അദ്ദേഹത്തെ മണ്ഡലത്തിലും പൊതുപരിപാടികളിലും കാണുന്നില്ല. ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്, തൃശൂരിലെ വോട്ട് വിവാദം തുടങ്ങിയ വിഷയങ്ങളില്‍ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ കാണാനില്ലെന്നും ഇതിന് പിന്നിലുള്ള ദുരൂഹത നീക്കണം എന്നും ആവശ്യപ്പെട്ട് കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ പരാതി നല്‍കിയത്. ബിജെപിയുടെ ഓഫീസില്‍ അന്വേഷിച്ചിട്ട് കൃത്യമായ മറുപടി ലഭിച്ചില്ലെന്നും ഗോകുല്‍ പറയുന്നു. പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി യോഗം ചേരുന്ന ചിത്രം സുരേഷ് ഗോപി ഫേസ്ബുക്ക് പേജില്‍ ഇന്ന് പങ്കുവച്ചിട്ടുണ്ട്. അതിനിടെയാണ് ഉപരാഷ്ട്രപതി പദം ഒഴിഞ്ഞ ജഗദീപ് ധങ്കര്‍ എവിടെ എന്ന ചോദ്യം പ്രതിപക്ഷം ഉന്നയിക്കുന്നത്....

കഴിഞ്ഞ മാസമാണ് ജഗദീപ് ധങ്കര്‍ അപ്രതീക്ഷിതമായി രാജിവച്ചത്. വൈകീട്ട് വരെ രാജ്യസഭ നിയന്ത്രിച്ചിരുന്ന അദ്ദേഹം രാത്രി രാജിവയ്ക്കുകയായിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ രാജിവയ്ക്കുന്നു എന്നാണ് അറിയിച്ചത്. ഉപരാഷ്ട്രപതി എന്ന നിലയിലും രാജ്യസഭാ അധ്യക്ഷന്‍ എന്ന നിലയിലും പ്രവര്‍ത്തിച്ച ധങ്കറിന് യാത്രയയപ്പ് പോലും ലഭിച്ചിരുന്നില്ല.
സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കുന്നില്ലെങ്കില്‍ പ്രതിപക്ഷം ഒരു പരിപാടി സംഘടിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. പക്ഷേ, അദ്ദേഹവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല എന്നാണ് പ്രതിപക്ഷ എംപിമാര്‍ പറയുന്നത്. രാജ്യസഭാ അംഗമായ കപില്‍ സിബല്‍ ആണ് ആദ്യം ഇക്കാര്യം പറഞ്ഞത്. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല എന്ന് കപില്‍ സിബല്‍ പറഞ്ഞു.
ജഗദീപ് ധങ്കര്‍ വീട്ടുതടങ്കലിലോ?
ചില എംപിമാര്‍ക്ക് ലഭിച്ച മറുപടി ജഗദീപ് ധങ്കര്‍ വിശ്രമത്തിലാണ് എന്നാണ്. ധങ്കര്‍ എവിടെ എന്ന് ചോദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്ത് എഴുതിയിരിക്കുകയാണ് ശിവസേന എംപി സഞ്ജയ് റാവത്ത്. ധങ്കറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല എന്നാണ് സഞ്ജയ് റാവത്ത് കത്തില്‍ വിശദീകരിക്കുന്നത്. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി പ്രതികരിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂലൈ 21 മുതല്‍ മുന്‍ ഉപരാഷ്ട്രപതിയെ കുറിച്ച് യാതൊരു വിവരവുമില്ല. എവിടെയാണ് അദ്ദേഹം ഇപ്പോഴുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ എന്താണ്. ഒരു വ്യക്തതയും ലഭിക്കുന്നില്ല. രാജ്യസഭാ അംഗങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ധങ്കറുമായോ അദ്ദേഹത്തിന്റെ സ്റ്റാഫുമായോ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. ആശങ്കയുണ്ടാക്കുന്ന കാര്യമാണിത്- സഞ്ജയ് റാവത്ത് കത്തില്‍ പറയുന്നു.
പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം തുടങ്ങിയ ജൂലൈ 21ന് രാത്രിയാണ് ജഗധീപ് ധങ്കര്‍ രാജിവച്ചത്. അദ്ദേഹത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്ന് രാജ്യത്തിന് അറിയണ്ടേ എന്നും സഞ്ജയ് റാവത്ത് ചോദിക്കുന്നു. ധങ്കര്‍ വീട്ടുതടങ്കലിലാണ് എന്ന് കേള്‍ക്കുന്നു. ആഭ്യന്തരമന്ത്രിയില്‍ നിന്ന് വ്യക്തമായ വിവരം ലഭിച്ചില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
രാജി പ്രഖ്യാപിച്ച ഉടനെ ജഗദീപ് ധങ്കര്‍ വസതി ഒഴിഞ്ഞുപോകുകയാണ് ചെയ്തത്. സഭയിലെ നേതാക്കളെ പോലും അദ്ദേഹം കണ്ടിരുന്നില്ല. ധങ്കറിനെ കാണാന്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എന്‍സിപിയുടെ ശരദ് പവാര്‍, ആം ആദ്മി എംപിമാര്‍ എന്നിവര്‍ ശ്രമിച്ചിരുന്നു എങ്കിലും അനുമതി ലഭിച്ചിരുന്നില്ല.












Click it and Unblock the Notifications