വിജയ് നേരിടേണ്ടത് വമ്പന്മാരെ; കരുത്തന്‍ ഉദയനിധി, ഖുഷ്ബുവും വരുന്നു, തമിഴകം വീണ്ടും താരമയം
ചെന്നൈ: കരുണാനിധിയും ജയലളിതയും മണ്‍മറഞ്ഞതോടെ തമിഴ്‌നാട് രാഷ്ട്രീയം പുതുതലമുറയ്ക്ക് വഴിമാറുകയാണ്. എംകെ സ്റ്റാലിന്‍ എന്ന ജനകീയ മുഖ്യമന്ത്രിയുടെ പിന്‍ഗാമിയായി മകന്‍ ഉദയനിധി സ്റ്റാലിന്‍ എത്തുമെന്ന് ഉറപ്പായിരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന യോഗത്തില്‍ കേന്ദ്ര ബിന്ദുവായത് ഉദയനിധിയാണ്. സ്റ്റാലിന്റെ ജനകീയതയില്‍ തകര്‍ന്നടിഞ്ഞ എഡിഎംകെക്ക് പകരം മറ്റു ശക്തികളെയാണ് ഇനി ഡിഎംകെ നേരിടേണ്ടി വരിക.
2026ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടന്‍ വിജയ് തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞു. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക ഈ മാസം 23ന് പുറത്തിറക്കുകയാണ്. ഇതോടെ ഘട്ടങ്ങളായുള്ള ചുവടുവയ്പ്പിന് വിജയ് വേഗത കൂട്ടി. മുഴുസമയ രാഷ്ട്രീയത്തിലിറങ്ങും മുമ്പ് കരാറിലെത്തിയ സിനിമകള്‍ ചെയ്തുതീര്‍ക്കുകയാണ് വിജയ്.

വിജയ്-ഉദയനിധി എന്നിവര്‍ മാത്രമല്ല, ബിജെപിയും സിനിമാ താരത്തെ മുന്‍നിര്‍ത്തിയുള്ള പടയോട്ടത്തിന് തമിഴ്‌നാട്ടില്‍ തയ്യാറെടുക്കുകയാണ്. നടി ഖുഷ്ബു ബിജെപിയുടെ തമിഴ്‌നാട് അധ്യക്ഷയാകുമെന്നാണ് പുതിയ വിവരം. കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മീഷന്‍ അംഗത്വം ഖുഷ്ബു രാജിവച്ചത് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുക എന്ന ലക്ഷ്യത്തോടെയാണ്.
നിലവില്‍ ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമാണ് ഖുഷ്ബു. ഡിഎംകെയിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ അവര്‍ ആറ് വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അവര്‍ക്ക് ടിക്കറ്റ് നല്‍കിയിരുന്നില്ല.
വനിതാ കമ്മീഷന്‍ അംഗത്വം രാജിവച്ച് ഖുഷ്ബു വീണ്ടും തമിഴ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത് ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണത്രെ. ബിജെപിയുടെ സംസ്ഥാന അധ്യക്ഷയാകുമെന്ന് ഖുഷ്ബു തുറന്നുപറഞ്ഞിട്ടില്ല. മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കിടയില്‍ ഇക്കാര്യം സജീവ ചര്‍ച്ചയാണ്. ഖുഷ്ബുവിനേക്കാള്‍ യോഗ്യരായ പലരും സംസ്ഥാന രാഷ്ട്രീയത്തിലുണ്ട് എന്ന അഭിപ്രായവും ചില ബിജെപി നേതാക്കള്‍ രഹസ്യമായി സൂചിപ്പിക്കുന്നു.
നിലവില്‍ കെ അണ്ണാമലൈ ആണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍. അദ്ദേഹം ഫെലോഷിപ്പോടെ ലണ്ടനില്‍ പഠിക്കാന്‍ പോകുകയാണ്. ഈ മാസം 28ന് അണ്ണാമലൈ ലണ്ടനിലേക്ക് പോകുന്നതിന് മുമ്പ് ഖുഷ്ബുവിനെ അധ്യക്ഷ പദവി ഏല്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയുടെ പാര്‍ട്ടിയുമായുള്ള സഖ്യം സംബന്ധിച്ച് ദേശീയ നേതൃത്വമാണ് തീരമാനം പറയേണ്ടത് എന്നാണ് ഖുഷ്ബുവിന്റെ പ്രതികരണം.
സിനിമാ രംഗത്ത് നിന്നെത്തി രാഷ്ട്രീയം അടക്കിവാണ നിരവധി പേര്‍ തമിഴകത്തിന്റെ ചരിത്രത്തിലുണ്ട്. അടുത്ത കാലത്തായി സമാനമായ പാത സ്വീകരിച്ചവരെ പക്ഷേ, തമിഴ് മക്കള്‍ സ്വീകരിച്ചിട്ടില്ല. കമല്‍ഹാസനും ശരത് കുമാറും അടക്കമുള്ളവര്‍ വേണ്ടത്ര ശോഭിക്കാതെ പോയി. വിജയകാന്ത് മാത്രമാണ് ഇക്കൂട്ടത്തില്‍ അല്‍പ്പം മികച്ച പ്രകടനം കാഴ്ചവച്ചത്. ഈ സാഹചര്യത്തിലാണ് വിജയുടെ വരവ് എന്നതും എടുത്തു പറയണം. വിജയ്, ഉദയനിധി, ഖുഷ്ബു എന്നീ താരങ്ങള്‍ ഇനി തമിഴ് രാഷ്ട്രീയം അടക്കിവാഴുമോ എന്ന് അറിയാന്‍ കാത്തിരിക്കണം.












Click it and Unblock the Notifications