ബാബറി മസ്ജിദ് അല്ല, പകരം 'മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം'; തിരുത്തുമായി എൻസിഇആർടി പാഠപുസ്തകം
ഡൽഹി: ബാബറി മസ്ജിദിന്റെ പേരില്ലാതെ എൻസിഇആർടി പുറത്തിറക്കിയ പുതിയ പ്ലസ് ടു പാഠപുസ്തകം. പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ ബാബറി മസ്ജിദിന് പകരം മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം എന്നാണ് വിശേശിപ്പിച്ചിരിക്കുന്നത്. ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പുതിയ ബുക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള ബിജെപിയുടെ രഥയാത്ര, കർസേവകരുടെ പങ്ക്, 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതിൻ്റെ പശ്ചാത്തലത്തിൽ ഉണ്ടായ വർഗീയ കലാപം,ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം, "അയോധ്യയിൽ നടന്ന സംഭവങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നു" എന്ന ബിജെപിയുടെ പ്രതികരണം തുടങ്ങിയ കാര്യങ്ങളൊന്നും തന്നെ പുസ്തകത്തിൽ ഇല്ല.

മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം എന്ന വിശേഷണമാണ് പാഠപുസ്തകത്തിൽ പകരം പരാമർശിച്ചിട്ടുള്ളത്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളി എന്നായിരുന്നു എൻസിഇആർടിയുടെ പഴയ പാഠഭാഗത്തിലുണ്ടായിരുന്നത്. കല്യാൺ സിംഗിന് എതിരായ സുപ്രീം കോടതി നടപടിയും പുതിയ പുസ്തകത്തിൽ ഇല്ല. ഇതടക്കം ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന രണ്ട് പേജുകൾ നീക്കം ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള ബിജെപി രഥയാത്രയും കർസേവകരുടെ പങ്കും പുതിയ പാഠപുസ്തകത്തിലില്ല.
16-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ബാബറിൻ്റെ ജനറൽ മിർ ബാഖി പണികഴിപ്പിച്ച മസ്ജിദ് എന്നാണ് പഴയ പാഠപുസ്തകത്തിൽ ബാബറി മസ്ജിദിനെ കുറിച്ചുള്ള പരാമർശം. എന്നാൽ പുതിയ പുസ്തകത്തിൽ "ശ്രീരാമൻ്റെ ജന്മസ്ഥലത്ത് 1528-ൽ നിർമ്മിച്ച മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം എന്നാണ് പറയുന്നത്. കൂടാതെ കെട്ടിടത്തിനകത്തും പുറത്തും ഹിന്ദു ചിഹ്നങ്ങളും അവശിഷ്ടങ്ങളും കാണാൻ സാധിച്ചിരുന്നുവെന്നും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. പള്ളി പൊളിച്ചതും വർഗീയ കലാപം ഉടലെടുത്തതുമെല്ലാം പുതിയ പുസ്തകത്തിൽ മാറ്റിയിട്ടുണ്ട്.
'ബാബറി മസ്ജിദ് തകർത്തു,കല്യാൺ സിംഗ് സർക്കാരിന് പിരിച്ചുവിട്ടു', എന്ന തലക്കെട്ടോടെ 1992 ഡിസംബർ 7 മുതലുള്ള പത്ര ലേഖനങ്ങളുടെ ചിത്രങ്ങൾ പഴയ പാഠപുസ്തകത്തിൽ ഉണ്ടായിരുന്നു. ഇതൊന്നും പുതിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. നേരത്തേ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് നാല് പേജുകൾ ടെക്സ്റ്റിൽ ഉണ്ടായിരുന്നു. ഇത് രണ്ട് പേജായി കുറച്ചിട്ടുണ്ട്. അയോധ്യ തർക്കത്തിലെ സുപ്രീം കോടതി വിധിയെക്കുറിച്ചുള്ള ഒരു ഉപവിഭാഗവും പാഠപുസ്തകത്തിന്റെ പുതിയ പതിപ്പിൽ ചേർത്തിട്ടുണ്ട്.












Click it and Unblock the Notifications