'വയനാട്ടിൽ അല്ല, ഹൈദരാബാദിൽ മത്സരിക്കാനുള്ള ധൈര്യമുണ്ടോ?'; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഉവൈസി
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ ഹൈദരാബാദിൽ നിന്ന് മത്സരിക്കാൻ വയനാട് എംപി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തുഹാദുൽ മുസ്ലിമിൻ (എ ഐ എം ഐ എം) നേതാവ് അസദുദ്ദിൻ ഉവൈസി.കോൺഗ്രസ് ഭരണ കാലത്താണ് അയോധ്യയിലെ ബാബറി മസ്ജിദ് ഉൾപ്പെടെ തകർക്കപ്പെട്ടതെന്നും ഉവൈസി പറഞ്ഞു. ഹൈദരാബാദിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉവൈസി.
'വയനാട്ടിൽ നിന്നല്ല, ഹൈദരാബാദിൽ നിന്നും മത്സരിക്കാൻ ഞാൻ നിങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുകയാണ്. നിങ്ങൾ വലിയ വലിയ പ്രതികരണങ്ങൾ നടത്തുകയാണല്ലോ, ഗ്രൗണ്ടിലിറങ്ങി എനിക്കെതിരെ മത്സരിക്കാൻ തയ്യാറാകൂ. കോൺഗ്രസിലെ ആളുകൾ പലതും പറയും. പക്ഷേ ഞാൻ തയ്യാറാണ്. കോൺഗ്രസ് ഭരണകാലത്താണ് ബാബറി മസ്ജിദും സെക്രട്ടറിയേറ്റ് പള്ളിയും തകർത്തത്',ഉവൈസി പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ അടുത്തിടെ ഉവൈസിയുടെ എ ഐ എം ഐ എം അടക്കമുള്ള പാർട്ടികൾക്കെതിരെ രാഹുൽ ഗാന്ധി ആഞ്ഞടിച്ചിരുന്നു. ബി ജെ പിയും ഭാരത് രാഷ്ട്ര സമിതിയും എ ഐ എം ഐ എമ്മും വ്യത്യസ്ത പാർട്ടികളാണെങ്കിലും അവർ ഒറ്റക്കെട്ടായാണ് പോരാടുന്നതെന്നായിരുന്നു രാഹുലിന്റെ ആക്ഷേപം.
'തെലങ്കാനയിൽ കോൺഗ്രസ് ബി ആർ എസിനെതിരെ മാത്രമല്ല ബി ജെ പിയും ഭാരത് രാഷ്ട്ര സമിതിയും എ ഐ എം ഐ എമ്മും ചേർന്ന കൂട്ടുകെട്ടിനെതിരെയാണ് പോരാടുന്നത്. വ്യത്യസ്ത പാർട്ടികളാണ് തങ്ങളെന്ന് അവർ അവകാശപ്പെടുന്നുണ്ടെങ്കിലും ഒരുമിച്ചാണ് അവർ പ്രവർത്തിക്കുന്നത്', രാഹുൽ ഗാന്ധി പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനോ എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസിക്കോ എതിരെ സിബിഐ-ഇഡി കേസുകളൊന്നും ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ സ്വന്തം ആളുകളായാണ് കണക്കാക്കുന്നതെന്നും രാഹുൽ വിമർശിച്ചിരുന്നു.












Click it and Unblock the Notifications