അസാധുവാക്കിയ നോട്ടുകള്‍ 14 വരെ ഉപയോഗിക്കാം, ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം
റെയില്‍വേ, കെഎസ്ആര്‍ടിസി, പെട്രോള്‍ പമ്പ്, പാല്‍ ബൂത്തുകള്‍ എന്നിവിടങ്ങളിലാണ് ഈ നോട്ടുകള്‍ സ്വീകരിക്കുക
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തോടെ അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി വര്‍ധിപ്പിച്ചു. പഴയ നോട്ടുകള്‍ നവംബര്‍ 14 വരെ അവശ്യസേവനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. റെയില്‍വേ, കെഎസ്ആര്‍ടിസി, പെട്രോള്‍ പമ്പ്, പാല്‍ ബൂത്തുകള്‍ എന്നിവിടങ്ങളിലാണ് ഈ നോട്ടുകള്‍ സ്വീകരിക്കുക. ഇതിന് പുറമേ സര്‍ക്കാര്‍ ആശുപത്രികള്‍, വിമാനത്താവളങ്ങള്‍, സര്‍ക്കാരിന്റെ കീഴിലുള്ള ഫാര്‍മസികള്‍, ശ്മശാനങ്ങളില്‍ എന്നിവിടങ്ങളിലുള്ള ഇടപാടുകള്‍ക്ക് പഴയ നോട്ട് തന്നെ ഉപയോഗിക്കാവുന്നതാണ്.
രണ്ട് ദിവസം എടിഎമ്മുകള്‍ അടച്ചിട്ടതോടെ ബാങ്കുകളിലെ പ്രത്യേക കൗണ്ടറുകളിലും തുറന്നുപ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറുകളിലും ജനത്തിരക്ക് വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള പണം ബാങ്കുകളിലുണ്ടെന്നും ആശങ്കപ്പടേണ്ട എന്ന നിര്‍ദ്ദേശവുമായി റിസര്‍വ്വ് ബാങ്ക് രംഗത്തെത്തിയിരുന്നു. കൈവശമുള്ള പഴയ നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള സമയപരിധി ഡിസംബര്‍ 30 വരെ ഉള്ളതിനാല്‍ ജനങ്ങള്‍ക്ക് ക്ഷമയുണ്ടാകണമെന്നും റിസര്‍വ്വ് ബാങ്ക് ആവശ്യപ്പെട്ടു.

കള്ളനോട്ടുകള്‍ രാജ്യത്തെത്തുന്നത് തടയുന്നതിനായി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തോടെ ആരംഭിച്ച പ്രതിസന്ധികള്‍ കേന്ദ്രം പരിഹരിച്ചു വരുന്നതേയുള്ളൂ. അതേസമയം രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും പൂര്‍ണ്ണമായി പ്രവര്‍ത്തനസജ്ജമാക്കാന്‍ രണ്ടാഴ്ചത്തെ സമയമെങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ദരുടെ പക്ഷം. രണ്ട് ദിവസം അടച്ചിട്ട ശേഷം വെള്ളിയാഴ്ച എടിഎമ്മുകള്‍ തുറന്ന്് പ്രവര്‍ത്തിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നതെങ്കിലും പണമെത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും, എടിഎം മെഷീനില്‍ വരുത്തേണ്ട മാറ്റങ്ങളും കാരണം രാജ്യത്തെ മിക്ക എടിഎമ്മുകളിലും പണം നിറയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ബാങ്കുകള്‍ നേരിട്ട് പണം നിറയ്ക്കുന്ന എടിഎമ്മുകള്‍ പ്രവര്‍ത്തനമാരംഭിച്ചെങ്കിലും ഏജന്‍സികള്‍ പണം നിറയ്ക്കുന്ന എടിഎമ്മുകള്‍ സാധാരണ നിലയിലേക്കെത്തിയില്ല.












Click it and Unblock the Notifications