അത്താഴം കഴിഞ്ഞ് മദ്യപിച്ചാല്‍ പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി
പട്‌ന: എഴുന്നൂറിലധികം ബാറുകള്‍ അടച്ചുപൂട്ടി മദ്യനിരോധനത്തിന്റെ പാതയിലാണ് കേരളം. ബാക്കി ബാറുകളും ബീവറേജുകളും കൂടി പൂട്ടി പത്ത് വര്‍ഷത്തിനകം സമ്പൂര്‍ണ മദ്യനിരോധനമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. മദ്യം ഫൈവ് സ്റ്റാര്‍ ബാറുകളില്‍ മാത്രമായി പരിമിതപ്പെടുന്നതോടെ സാധാരണക്കാരന്റെ കുടിയാണ് മുട്ടാന്‍ പോകുന്നത്. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിക്കുന്നവരുടെ എണ്ണം കുറവല്ല.
എന്നാല്‍ പകല്‍ മുഴുവന്‍ അധ്വാനിക്കുന്ന സാധാരണക്കാരന്‍ രാത്രി അത്താഴം കഴിഞ്ഞ് കുറച്ച് മദ്യപിച്ചാല്‍ പ്രശ്‌നമൊന്നുമില്ല മുഖ്യമന്ത്രി തന്നെ പറഞ്ഞാലോ. അതിശയപ്പെടാന്‍ വരട്ടെ, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കല്ല, ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിക്കാണ് ഈ അഭിപ്രായം ഉള്ളത്. ഞായറാഴ്ച ദനപൂരില്‍ മഹാദളിത് അധികാര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്.

പകല്‍ മുഴുവന്‍ ജോലി ചെയ്ത് വരുന്ന ഒരാള്‍ രാത്രി വീട്ടിലെത്തി അത്താഴത്തിന് ശേഷം അല്‍പം മദ്യപിക്കുന്നതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ല - ഇതായിരുന്നു മഞ്ജിയുടെ വാക്കുകള്‍. നിതീഷ് കുമാറിന് പകരം ബിഹാര്‍ മുഖ്യമന്ത്രിയായ മഞ്ജി ഇതാദ്യമായല്ല, ജനതാദള്‍ യുണൈറ്റഡിനെ വിവാദ പ്രസ്താവനകള്‍ നടത്തി വെട്ടിലാക്കുന്നത്.
കുടുംബം പോറ്റാനും മക്കളെ പഠിപ്പിക്കാനും വേണ്ടി ചെറുകിട കച്ചവടക്കാര്‍ പൂഴ്ത്തിവെപ്പും കരിഞ്ചത്തയും പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്ന് എനിക്കറിയാം എന്നായിരുന്നു മഞ്ജി മുന്‍പ് ഒരിക്കല്‍ പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്ന് പറഞ്ഞ് മഞ്ജി തലയൂരുകയായിരുന്നു. വനിതാ കോണ്‍സ്റ്റബിളിനൊപ്പം മുഖ്യമന്ത്രി മഞ്ജിയുടെ മകനെ ഹോട്ടല്‍ അധികൃതര്‍ തടഞ്ഞുവെച്ചതും വിവാദമായിരുന്നു.












Click it and Unblock the Notifications