നോട്ടീസ് കൊടുത്തിട്ടും ഒഴിഞ്ഞില്ല: ചിരാഗ് പാസ്വാന്റെ ബംഗ്ലാവിലേക്ക് ഉദ്യോഗസ്ഥരെ അയച്ച് കേന്ദ്രം
ദില്ലി: ലോക് ജനശക്തി പാർട്ടി നേതാവും അന്തരിച്ച കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാൻ കൈവശം വച്ചിരുന്ന ബംഗ്ലാവ് ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥരെ വിട്ട് കേന്ദ്ര സർക്കാർ. പാർപ്പിട, നഗരകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സിലെ ഉദ്യോഗസ്ഥ സംഘമാണ് ദില്ലിയിലെ 12 ജൻപഥിലെ ബംഗ്ലാവിലേക്ക് എത്തിയത്. കഴിഞ്ഞ വർഷം തന്നെ കെട്ടിടം ഒഴിയാന്‍ ഉത്തരവിട്ടിരുന്നെങ്കിലും ഒഴിഞ്ഞു പോവാന്‍ ചിരാഗ് പാസ്വാന്‍ തയ്യാറായിരുന്നില്ല.
7 മോത്തി ലാൽ നെഹ്‌റുവിൽ നിന്ന് ബി ജെ പി ലോക്‌സഭാ എംപി രാം ശങ്കർ കതേരിയയെയും 10 പണ്ഡിറ്റ് പന്ത് മാർഗിൽ നിന്ന് ബി ജെ പി മന്ത്രി പി സി സാരംഗിയെയും പുറത്താക്കിയ എസ്റ്റേറ്റ് ഡയറക്ടർ മൂന്ന് ദിവസത്തിനുള്ളിൽ നടത്തുന്ന മൂന്നാമത്തെ ഒഴിപ്പിക്കലാണിത്. "ഒഴിപ്പിക്കല്‍ നോട്ടീസുകളെത്തുടർന്ന് ഒരു ടീമിനെ അയയ്ക്കുന്നത് ഒരു പതിവ് നടപടിക്രമമാണ്. ചിരാഗ് പാസ്വാൻ ഇതിനകം തന്നെ അദ്ദേഹത്തിന് അനുവദിച്ച ഒരു എംപി ഫ്ലാറ്റിലാണ് താമസിക്കുന്നത്, 12 ജൻപഥ് മറ്റൊരാള്‍ക്ക് അനുവദിച്ചതിനാൽ കഴിഞ്ഞ വർഷം തന്നെ അദ്ദേഹം ഒഴിയേണ്ടതായിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ ഇത് മൂന്നാമത്തെ ഒഴിപ്പിക്കലാണ്. ബംഗ്ലാവുകളിലെ താമസക്കാർ എംപി ഫ്ലാറ്റുകളിലേക്ക് മാറണം"- ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ രാംവിലാസ് പാസ്വാന് അനുവദിച്ച ബംഗ്ലാവാണിത്. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, ഒഡീഷയിൽ നിന്നുള്ള ബി ജെ പി രാജ്യസഭാ എംപി കൂടിയായ കേന്ദ്ര റെയിൽവേ, ഐടി മന്ത്രി അശ്വിനി വൈഷ്ണവിന് ബംഗ്ലാവ് അനുവദിച്ചിരുന്നു. എന്നാല്‍ ചിരാഗ് ഒഴിയാത്തതിനെ തുടർന്ന് അദ്ദേഹത്തിന് താമസം മാറാന്‍ സാധിച്ചില്ല. 2021 ഓഗസ്റ്റിൽ, ലോക്‌സഭാ എംപി ചിരാഗ് പാസ്വാനും 12 ജൻപഥ് ബംഗ്ലാവിലെ മറ്റ് താമസക്കാർക്കും താമസസ്ഥലം ഒഴിയാൻ ആവശ്യപ്പെട്ട് കേന്ദ്രം ഒഴിപ്പിക്കൽ നോട്ടീസ് നല്‍കിയെങ്കിലും ഇത് രാഷ്ട്രീയ നീക്കമാണെന്ന ആരോപണമായിരുന്നു ചിരാഗ് ഉയർത്തിയത്.
ലോക് ജനശക്തി പാർട്ടിയുടെ ദില്ലിയെ ഔദ്യോഗിക വിലാസം കൂടിയായിരുന്ന ഈ ബംഗ്ലാവ്. സ്ഥിരമായി സംഘടനാ യോഗങ്ങളും മറ്റ് അനുബന്ധ പരിപാടികളും ഇവിടെ നടന്ന് വന്നിരുന്നത്. 1990 മുതല്‍ 2020 ഒക്ടോബറിൽ മരിക്കുന്നതുവരെ രാം വിലാസ് പാസ്വാൻ ഏകദേശം മൂന്ന് പതിറ്റാണ്ടോളം ഈ ബംഗ്ലാവിൽ താമസിച്ചായിരുന്നു പാർട്ടിയുടെ പ്രവർത്തനങ്ങള്‍ നയിച്ചത്.












Click it and Unblock the Notifications