യുപിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം; കുപ്രസിദ്ധ ക്രിമിനല്‍ ഗുഫ്രാന്‍ കൊല്ലപ്പെട്ടു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. കുപ്രസിദ്ധ ക്രിമിനല്‍ ഗുഫ്രാന്‍ ആണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കൗശാംബി ജില്ലയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ പ്രത്യേക ടാസ്‌ക് ഫോഴ്സ് സംഘം കൗശാംബി ജില്ലയില്‍ റെയ്ഡ് നടത്തിയിരുന്നു എന്ന് യുപി പൊലീസ് വ്യക്തമാക്കി. ഇതിനിടെ പൊലീസിനെ ഗുഫ്രാന്‍ ആക്രമിക്കുകയായിരുന്നു എന്നാണ് പറയുന്നത്.
തുടര്‍ന്ന് പൊലീസും തിരിച്ചടിച്ചു. ഇതില്‍ ഗുഫ്രാന് വെടിയേറ്റ് പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഗുഫ്രാനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, കൊള്ളയടിക്കല്‍ തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് ഗുഫ്രാന്‍. 13 ഓളം കേസുകളാണ് സംസ്ഥാനത്ത് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇതില്‍ പലതിലും പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ തലക്ക് പ്രയാഗ് രാജ് പൊലീസ് 100000 രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ സുല്‍ത്താന്‍പൂര്‍ പൊലീസ് 25000 ഇനാമും പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് 9 എംഎം കാട്രിഡ്ജ്, .32 ബോര്‍ പിസ്റ്റള്‍, ഒരു അപ്പാച്ചെ ബൈക്ക് എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
സാംദയ്ക്ക് സമീപം ഗുഫ്രാനെ പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും അയാള്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഡി വൈ എസ് പി ധര്‍മേഷ് കുമാര്‍ ഷാഹി പറഞ്ഞു. നിരവധി വലിയ കുറ്റവാളികളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും കൊടും കുറ്റവാളിയാണ് ഗുഫ്രാന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Uttar Pradesh | A criminal identified as Mo. Gufran has been killed in an encounter with UP STF near the Samda sugar mill of Manjhanpur, Kaushambi. He was carrying a reward of Rs 1,25,000: SP Kaushambi Brijesh Srivastava pic.twitter.com/iUdihy1yCe
— ANI UP/Uttarakhand (@ANINewsUP) June 27, 2023
ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡിലും മറ്റ് ജില്ലകളിലുമായാണ് ഇയാള്‍ക്കെതിരെ കൂടുതല്‍ കേസുള്ളത്. യു പിയില്‍ പൊലീസും ക്രിമിനലുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. 2017ല്‍ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ ശേഷം ഇതുവരെ 10900 ഏറ്റുമുട്ടലുകളാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. അതില്‍ 185 ക്രിമിനലുകള്‍ ആണ് ഇതുവരെ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications