യെദ്യൂരപ്പയ്ക്ക് ഇരുട്ടടി.. കാല് മാറിയ എംഎൽഎമാർ തിരികെ! ആനന്ദ് സിംഗും പാട്ടീലും കോൺഗ്രസിനൊപ്പം
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് നാണംകെട്ട കുതിരക്കച്ചവടത്തിന് സംസ്ഥാനം സാക്ഷിയാകേണ്ടി വന്നത്. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നും ജെഡിഎസ് ക്യാമ്പില്‍ നിന്നും പണവും കേന്ദ്രഭരണവും ഉപയോഗിച്ച് എംഎല്‍എമാരെ ചാടിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുകയാണെന്നാണ് ആരോപണം. കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിംഗ്, പ്രതാപ് സിംഗ് ഗൗഡ പാട്ടീല്‍ എന്നിവരുടെ കാര്യത്തില്‍ തുടക്കം മുതല്‍ക്കേ തന്നെ ആശങ്കകളും അനിശ്ചിതത്വങ്ങളും നിലനിന്നിരുന്നു.
ബിജെപി ക്യാമ്പിലെത്തി ഈ രണ്ട് എംഎല്‍എമാരും എന്ന അഭ്യൂഹമാണ് നിലനിന്നിരുന്നത്. കോണ്‍ഗ്രസ് ഹൈദരാബാദിലേക്ക് മാറ്റിയ എംഎല്‍എമാരുടെ കൂട്ടത്തില്‍ ഇവരില്ലെന്ന വാര്‍ത്തകളും സംശയത്തിന് ആക്കം കൂട്ടി. എന്നാല്‍ ബിജെപി ക്യാമ്പിന് ഇവരുടെ കാര്യത്തില്‍ സന്തോഷിക്കാന്‍ വകുപ്പില്ലെന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ആനന്ദ് സിംഗ് നാളത്തെ വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്നാണ് സൂചന. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിക്കാതെ പോയതാണ് അഭ്യൂഹങ്ങള്‍ പടരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. അത് മാത്രമല്ല എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിനെ കാട്ടി ബിജെപി ആനന്ദ് സിംഗിനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി നേരത്തെ കുമാരസ്വാമി ആരോപിച്ചിരുന്നു. ആനന്ദ് സിംഗിനെ ബിജെപി തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയാണ് എന്നാണ് സിദ്ധരാമയ്യ ആരോപിക്കുന്നത്.
രണ്ടാമത്തെ എംഎല്‍എയായ പ്രതാപ് സിംഗ് ഗൗഡ പാട്ടീലും ബിജെപിക്കൊപ്പം നില്‍ക്കില്ലെന്നാണ് വിവരം. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുമെന്ന് പാട്ടീല്‍ വ്യക്തമാക്കിക്കഴിഞ്ഞു. മാത്രമല്ല പാട്ടീൽ ബിജെപിക്കെതിരെ വിമർശനവും ഉന്നയിച്ചിരിക്കുന്നു. പണവും അധികാരവും ഉപയോഗിച്ച് കേന്ദ്രസർക്കാർ അധികാര ദുർവിനിയോഗം നടത്തുന്നതായി പാട്ടീൽ തുറന്നടിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഈഗിൾടൺ റിസോർട്ടിൽ നിന്നും പ്രൈവറ്റ് ജെറ്റ് ഉപയോഗിച്ച് പാട്ടീലിനെ ബിജെപി ദില്ലിയിലേക്ക് കടത്തിയതായി വാർത്തകൾ ഉണ്ടായിരുന്നു.












Click it and Unblock the Notifications