ഇനി 'മുതലമൈച്ചർ' വിജയ്; സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഗവർണർ,സത്യപ്രതിജ്ഞ നാളെ
നടനും ടിവികെ തലവനുമായ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകീട്ട് 3.15 ന് ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും. വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ) കൂടി ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർക്കാർ രൂപീകരണത്തിന് കളമൊരുങ്ങിയത്. വിസികെയ്ക്കൊപ്പം മുസ്ലീം ലീഗിൻ്റെ രണ്ട് എംഎൽഎമാർ കൂടി ടിവികെയെ പിന്തുണച്ച് ഗവർണർക്ക് കത്ത് നൽകി.
234 അംഗ നിയമസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം തികയ്ക്കാൻ ടിവികെയ്ക്ക് സാധിച്ചില്ല. ഇതോടെയാണ് തമിഴ്നാട്ടിൽ പ്രതിസന്ധി ഉടലെടുത്തത്. തുടർന്ന് സർക്കാർ രൂപീകരണത്തിന് 5 അംഗങ്ങളുള്ള കോണ്‍ഗ്രസിൻ്റെ പിന്തുണയാണ് ആദ്യം ടിവികെ തേടിയത്. കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സർക്കാർ രൂപീകരക്കാൻ അനുമതി തേടി ടിവികെ ഗവർണറെ സമീപിച്ചു. അധികാരത്തിലേറി ഒരാഴ്ചക്കകം വിശ്വാസം തെളിയിക്കാമെന്നായിരുന്നു ടിവികെ ഗവർണറെ അറിയിച്ചത്. എന്നാൽ കേവല ഭൂരിപക്ഷം തികയ്ക്കാതെ സർക്കാർ രൂപീകരണത്തിന് അനുമതി നൽകില്ലെന്ന നിലപാട് ഗവർണർ സ്വീകരിക്കുകയായിരുന്നു.

പിന്നാലെ ഇടതുപാർട്ടികളുടേയും വിസികെയുടേയും പിന്തുണ വിജയ് തേടി. രണ്ട് എംഎൽഎമാർ് വീതമുള്ള ഇടതുപാർട്ടികൾ ടിവികെയെ പുറത്ത് നിന്ന് പിന്തുണയ്ക്കാൻ തയ്യാറായി. അപ്പോഴും 118 എന്ന മാന്ത്രിക സംഖ്യ തൊടാൻ ടിവികെയ്ക്ക് സാധിച്ചിരുന്നില്ല. ഇതിനിടയിൽ വിജയ് അധികാരത്തിലേറുന്നത് തടയിടാനായി എഐഎഡിഎംകെയും ഡിഎംകെയും തമ്മിൽ കൈകോർക്കുന്നുവെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ അത്തരമൊരു നീക്കമുണ്ടായാൽ ടിവികെയുടെ 107 നേതാക്കളും രാജിവെയ്ക്കും എന്നായിരുന്നു വിജയിയുടെ മുന്നറിയിപ്പ്.
ഇതിനിടയിൽ വിസികെ നിലപാട് മയപ്പെടുത്തുകയും വിജയ്ക്കൊപ്പം ചേരാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് സിപിഎം, സിപിഐ, വിസികെ പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കി വിജയ് ഗവര്‍ണറെ സമീപിച്ചിരുന്നു. ഇന്ന് രാവിലെ തന്നെ സത്യപ്രതിജ്ഞ നടത്താനായിരുന്നു നീക്കം. എന്നാ ഇതിനിടയിൽ വീണ്ടും നാടകീയ സംഭവങ്ങൾ രാജ്ഭവനിൽ അരങ്ങേറി. വിജയ് 116 എംഎല്‍എമാരുടെ പിന്തുണക്കത്ത് മാത്രമേ നല്‍കിയിട്ടുള്ളുവെന്നും ഭൂരിപക്ഷം ഉറപ്പിക്കാതെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കില്ലെന്നും വീണ്ടും ഗവർണർ ഉടക്കിട്ടു.
വിസികെയുടെ പിന്തുണക്കത്ത് ലഭിച്ചില്ലെന്നാണ് ഗവർണർ വ്യക്തമാക്കിയത്. ഇതോടെ ശനിയാഴ്ച രാവിലെയോടെ തന്നെ വിസികെ വിജയ്ക്ക് കത്ത് കൈമാറിയേക്കുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും ഉണ്ടായില്ല. ഇതിനിടയിൽ മുഖ്യമന്ത്രി പദത്തിനടക്കം വിസികെ സമ്മർദ്ദം ചെലുത്തുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ വൈകീട്ട് നാല് മണിയോടെ ഇത്തരം വാർത്തകളെല്ലാം തള്ളി വിസികെ രംഗത്തെത്തി ടിവികെയ്ക്ക് പിന്തുണക്കത്ത് കൈമാറുകയും ചെയ്തു. പിന്നാലെ രണ്ട് എംഎൽഎമാരുള്ള മുസ്ലീം ലീഗും ടിവികെയ്ക്ക് പിന്തുണ അറിയിച്ച് കത്ത് നൽകി. ഇതോടെ 120 അംഗങ്ങളുടെ പിന്തുണ നേടാൻ വിജയ്ക്ക് സാധിച്ചു. പിന്നാലെ വിജയ് രാജ്ഭവനിലെത്തി ഗവർണറെ കാണുകയായിരുന്നു. ഭൂരിപക്ഷം തികച്ചതോടെ ഗവർണർ വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു.












Click it and Unblock the Notifications