ഇനി ഹിന്ദിയിലും പഠിക്കാം എംബിബിഎസ്: പുസ്തകങ്ങളുടെ പ്രകാശനം നിർവ്വഹിച്ച് അമിത് ഷാ
ഭോപ്പാല്‍: എം ബി ബി എസ് കോഴ്‌സ് പുസ്തകങ്ങളുടെ ഹിന്ദി പതിപ്പ് പ്രകാശനം ചെയ്ത് ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് വലിയ വിവാദം ഉയർന്ന് വരുന്നതിനിടയിലാണ് ഭോപ്പാലില്‍ നടന്ന ചടങ്ങില്‍ അമിത് ഷാ പുസ്തകം പ്രകാശനം ചെയ്തത്. ഇതോടെ ഹിന്ദിയിൽ എം ബി ബി എസ് കോഴ്സ് ആരംഭിക്കുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറുകയും ചെയ്തു.
തുടക്കത്തിൽ അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി തുടങ്ങിയ വിഷയങ്ങളാണ് ഹിന്ദിയില്‍ പഠിപ്പിക്കുക. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് എന്നിവരും ചടങ്ങിൽ സന്നിഹതരായിരുന്നു.
"പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ പ്രധാനമന്ത്രി മോദി വിദ്യാർത്ഥികളുടെ മാതൃഭാഷയ്ക്ക് കൂടുതൽ ഊന്നൽ നൽകി. ഇത് ചരിത്രപരമായ തീരുമാനമാണ്. ബി ജെ പിയുടെ ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ, രാജ്യത്ത് ആദ്യമായി ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ്"- പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.

ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളേജിൽ കഴിഞ്ഞ 232 ദിവസമായി 97 വിദഗ്ധരുടെ സംഘമാണ് ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്ക് പുസ്തകങ്ങൾ വിവർത്തനം ചെയ്തത്. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ഐ ഐ ടി പോലുള്ള സാങ്കേതിക-സാങ്കേതികേതര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനമാധ്യമം ഹിന്ദി ആയിരിക്കണമെന്ന് ഷായുടെ നേതൃത്വത്തിലുള്ള പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതി ദിവസങ്ങൾക്ക് മുമ്പ് ശുപാർശ ചെയ്തിരുന്നു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ യഥാക്രമം പ്രാദേശിക ഭാഷയ്ക്ക് മുൻഗണന നൽകണം, ഇംഗ്ലീഷിന്റെ ഉപയോഗം ഓപ്ഷണൽ ആക്കണമെന്നും നിർദേശമുണ്ട്.
കഴിഞ്ഞ മാസം രാഷ്ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ച 11-ാമത് റിപ്പോർട്ടിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതി എല്ലാ സംസ്ഥാനങ്ങളിലും ഇംഗ്ലീഷിനേക്കാൾ പ്രാദേശിക ഭാഷകൾക്ക് മുൻഗണന നൽകണമെന്നും ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകളിലൊന്നായി ഹിന്ദി വേണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.
പഠന മാധ്യമം ഔദ്യോഗിക ഭാഷകളോ പ്രാദേശിക ഭാഷകളോ ആയിരിക്കണമെന്ന് നിർദ്ദേശിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രകാരമാണ് സമിതി ശുപാർശകൾ തയ്യാറാക്കിയതെന്ന് സമിതിയുടെ ഡെപ്യൂട്ടി ചെയർമാനും ബിജെഡി നേതാവുമായ ഭർതൃഹരി മഹ്താബും വ്യക്തമാക്കി. 'എ' കാറ്റഗറി സംസ്ഥാനങ്ങളിൽ ഹിന്ദിക്ക് മാന്യമായ സ്ഥാനം നൽകണമെന്നും അത് 100 ശതമാനം ഉപയോഗിക്കണമെന്നും സമിതി നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications