മേഘാലയയിൽ ബിജെപിക്ക് ഞെട്ടൽ; 60 ൽ 58 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൻപിപി
ദില്ലി: മേഘാലയ നിയമസഭ തിരഞ്ഞെടുപ്പിൽ 60 ൽ 58 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഭരണകക്ഷിയായ എൻ പി പി .മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ സൗത്ത് ടുറയിൽ നിന്നും ഉപമുഖ്യമന്ത്രി പ്രെസ്റ്റോൺ ടിൻസോംഗ് ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ പൈനുർസ്ലയിൽ നിന്നും മത്സരിക്കും.

പാർട്ടി വളരുന്നുവെന്ന്
സഖ്യകക്ഷിയായ ബി ജെ പിയുമായി അസ്വാരസ്യത്തിലായിരുന്ന സാങ്മ അടുത്തിടെ തങ്ങൾ നിയമസഭ തിരഞ്ഞെടുപ്പിനെ തനിച്ച് നേരിടുമെന്നുള്ള സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ പാർട്ടികളിൽ നിന്നുള്ള നിരവധി എം എൽ എമാർ എൻ പി പിയിൽ ചേർന്നുവെന്നും പാർട്ടി വളരുകയാണെന്നതിന്റെ സൂചനയാണ് ഇതെന്നും പോളോ ഗ്രൗണ്ടിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് കോൺറാഡ് സാങ്മ പറഞ്ഞു.

അതേസമയം അടുത്തിടെ പാർട്ടിയിൽ ചേർന്ന 10 ഓളം നേതാക്കൾക്കും എൻ പി പി സ്ഥാനാർത്ഥിത്വം നൽകിയിട്ടുണ്ട്. ഇവരിൽ മുൻ കോൺഗ്രസ് എം എൽ എമാരായ അംപരീൻ ലിങ്‌ദോ (ലൈതുംഖ്‌റ), മൊഹീന്ദ്രോ റാപ്‌സാങ് (വെസ്റ്റ് ഷില്ലോങ്), മുൻ പി ഡി എഫ് എം എൽ എ ഹാംലെറ്റ്‌സൺ ഡോഹ്‌ലിംഗ് (മില്ലിയം), മുൻ എസ് പി ഡി പി എം എൽ എ സാംലിൻ മൽജിയാങ് (സോഹിയോംഗ്) എന്നിവരും ഉൾപ്പെടുന്നു. എൻ പി പിയിൽ ചേർന്ന ഈ നേതാക്കളാരും തന്നെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയല്ല, മറിച്ച് സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുക എന്ന മഹത്തായ ലക്ഷ്യത്തിനാണ് എൻ പി പിയിൽ എത്തിയതെന്നും സാങ്മ പറഞ്ഞു. ഈസ്റ്റേൺ വെസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൈറാൻ ,സൗത്ത് ഷില്ലോങ് എന്നീ സീറ്റുകളിലാണ് എൻ പി പി നിലവിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത്.

2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസായിരുന്നു. 60 സീറ്റിൽ 21 സീറ്റുകളാണ് കോൺഗ്രസ് നേടിയത്.60 അംഗ നിയമസഭയിൽ 21 സീറ്റുകളായിരുന്നു പാർട്ടി നേടിയത്. അതായത് കേവല ഭൂരിപക്ഷത്തിന് വെറും 10 സീറ്റുകളുടെ കുറവ്. ബി ജെ പിക്ക് ലഭിച്ചത് വെറും 2 സീറ്റുകളായിരുന്നു ലഭിച്ചത്. എന്നാൽ കോൺഗ്രസ് അധികാരത്തിലേറുന്നത് തടയാൻ 20 സീറ്റുകൾ ഉള്ള നാഷ്ണൽസ് പീപ്പിൾസ് പാർട്ടിയുമായി ബി ജെ പി കൈകോർക്കുകായിരുന്നു. ബി ജെ പിയെ കൂടാതെ യു ഡി പി , പി ഡി എഫ്, എച്ച് എസ് ഡി പി എന്നീ പാർട്ടികളായിരുന്നു എൻ പി പി സഖ്യത്തിന്റെ ഭാഗമായത്.

മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസാണ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷം. ദേശീയ മോഹം ലക്ഷ്യം വെച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് മേഘാലയയിൽ ഇറങ്ങിയതോടെ ഒറ്റയടിക്ക് 12 എം എൽ എമാർ കോൺഗ്രസിലേക്ക് ചേക്കേറിയിരുന്നു. ഇതോടെ ഒറ്റരാത്രികൊണ്ട് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമാകാൻ ടി എം സിക്ക് സാധിച്ചു. അതേസമയം സംസ്ഥാനത്ത് തിരിച്ച് വരവിനുള്ള തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ്.തിരഞ്ഞെടുപ്പിനായി പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചുള്ള പ്രവർത്തനം കോൺഗ്രസ് ആരംഭിച്ച് കഴിഞ്ഞു.












Click it and Unblock the Notifications