അസം എന്‍ആര്‍സിയില്‍ നിന്നും പുറത്തായവര്‍ക്ക് റിജക്ഷന് സ്ലിപ് നല്‍കുമെന്ന് സര്‍ക്കാര്‍
ഗുവാഹത്തി: അസം പൗരത്വപട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട 19 ലക്ഷം പേര്‍ക്ക് റിജക്ഷന് സ്ലിപ്പ് നലകാന്‍ എന്‍ആര്‍സി അതോറിറ്റി പദ്ധതിയിടുന്നു. അസം സര്‍ക്കാരാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. പൗരത്വപട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടതിന്റെ കാരണങ്ങള്‍ കാണിച്ചുകൊണ്ടായിരിക്കും റിജക്ഷന് സ്ലിപ്പ് നല്‍കുക.
ഈ വര്‍ഷം മാര്‍ച്ച് ഇരുപതോടെ റിജക്ഷന് ഓര്‍ഡര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് എംഎല്‍എ റെക്കിബുദ്ദീന്‍ അഹമ്മദിന്റെ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്ററി കാര്യമന്ത്രി ചന്ദ്ര മോഹന്‍ പട്ടോവറാണ് ഇക്കാര്യം സഭയില്‍ അറിയിച്ചത്. റിജക്ഷന് ഓര്‍ഡര്‍ കയ്യില്‍ കിട്ടിയാല്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് 120 ദിവസത്തിനുള്ളില്‍ വിദേശ ട്രിബ്യൂണലിനെ സമീപിക്കാം. ശേഷം ഇവരെ പൗരത്വപട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോയെന്ന് വിദേശ ട്രിബ്യൂണലിന് തീരുമാനിക്കാം.
സുപ്രീംകോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്‍ആര്‍.സിയുമായി ബന്ധപ്പെട്ട് നീക്ക് പോക്കുകള്‍ നടത്തുന്നതെന്നും
ചന്ദ്രമോഹന് പട്ടോവര്‍ സഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് പുതുതായി എന്‍ആര്‍സി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്യേശിക്കുന്നില്ലെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 31 നായിരുന്നു അസമില്‍ അന്തിമ പൗരത്വ പട്ടിക പുറത്തിറക്കിയത്. 19,06,657 പേര് പൗരത്വപട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു.
നേരത്തെ അസം പൗരത്വപട്ടിക പുനഃപരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അസം എന്‍ആര്‍സി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഹിതേഷ് ദേശ് ശര്‍മ വിവിധ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് കത്തയക്കുകയായിരുന്നു. അയോഗ്യരായ നിരവധി പേര് പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെന്ന് കാണിച്ചായിരുന്നു നീക്കം.
അതേസമയം ഇസം പൗരത്വപട്ടികയില്‍ നിന്നും രേഖകള്‍ അപ്രത്യക്ഷമായെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. എന്‍ആര്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും വിവരങ്ങള്‍ കാണാനില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ക്ലൗഡ് സ്റ്റോറേജ് സംവിധാനത്തിലായിരുന്നു പട്ടികയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ രേഖപ്പെടുത്തിയതെന്നും
വിപ്രോ സബ്സ്ക്രിപ്ഷന് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് ഇത്തരം സംഭവമുണ്ടായതിന് പിന്നിലെന്നുമാണ് എന്‍ആര്‍സി ഔദ്യോഗിക വൃത്തങ്ങളുടെ വിശദീകരണം.