എന്‍എസ്ഇ തട്ടിപ്പില്‍ വന്‍ ട്വിസ്റ്റ്; ഹിമാലയന്‍ യോഗി ആനന്ദ് സുബ്രഹ്മണ്യന്‍ തന്നെയെന്ന് സിബിഐ
ന്യൂദല്‍ഹി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍ എസ് ഇ) തട്ടിപ്പില്‍ മുന്‍ ചീഫ് എക്സിക്യൂട്ടീവ് ചിത്ര രാമകൃഷ്ണ പറഞ്ഞ ഹിമാലയന്‍ യോഗി എന്‍ എസ് ഇയുടെ മുന്‍ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യനാണെന്ന് സി ബി ഐ. ആനന്ദ് സുബ്രഹ്മണ്യന്‍ 'ഹിമാലയന്‍ യോഗി' ആയി ആള്‍മാറാട്ടം നടത്തുകയാണെന്നും മുന്‍ എം ഡി ചിത്ര രാമകൃഷ്ണയുടെ തീരുമാനങ്ങളെ സ്വാധീനിക്കുകയാണെന്നും സി ബി ഐ വെള്ളിയാഴ്ച ഡല്‍ഹി കോടതിയെ അറിയിച്ചു.
ആനന്ദ് സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പ്രത്യേക ജഡ്ജി സഞ്ജീവ് അഗര്‍വാള്‍ വാദം കേള്‍ക്കവെയായിരുന്നു സി ബി ഐയുടെ വെളിപ്പെടുത്തല്‍. ജാമ്യാപേക്ഷയില്‍ മാര്‍ച്ച് 24 ന് വിധി പുറപ്പെടുവിക്കും. ആനന്ദ് സുബ്രഹ്മണ്യന്‍ കുംഭകോണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുന്‍ എം ഡി ചിത്ര രാമകൃഷ്ണയ്ക്ക് അത് അറിയാമെന്നും അവരുടെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്വാധീനം ചെലുത്തിയെന്നും സി ബി ഐ പ്രോസിക്യൂട്ടര്‍ വി കെ പഥക് കോടതിയെ അറിയിച്ചു. ഇത് തെളിയിക്കാന്‍ ഏജന്‍സിക്ക് ഇമെയിലുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടാണ് പ്രോസിക്യൂട്ടര്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.

നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്ര രാമകൃഷ്ണയെ സി ബി ഐ അറസ്റ്റ് ചെയ്തത്. 'ഹിമാലയന്‍ യോഗി' എന്ന് വിളിക്കുന്ന വ്യക്തിയുമായി രഹസ്യവിവരങ്ങള്‍ പങ്കുവെച്ചതുള്‍പ്പെടെയുള്ള വീഴ്ചകളിലായിരുന്നു അറസ്റ്റ്. 2013 മുതല്‍ 2016 വരെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് എം ഡി ആയിരുന്നു ചിത്ര രാമകൃഷ്ണന്‍. ഈ കാലയളവിനിടെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പല തിരിമറികളും നടന്നെന്നാണ് കണ്ടെത്തല്‍. ചോദ്യം ചെയ്യലില്‍ ഹിമാലയത്തിലെ ഒരു സന്യാസിയുടെ താല്‍പര്യപ്രകാരമാണ് താന്‍ പല കാര്യങ്ങളും ചെയ്തതെന്നായിരുന്നു ചിത്ര പറഞ്ഞിരുന്നത്.
സ്റ്റോക്ക് എക്സ്സ്ചേഞ്ചിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ നിയമനവും ശമ്പളവും വരെ ഹിമാലയന്‍ യോഗിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ചിത്ര രാമകൃഷ്ണന്‍ തീരുമാനിച്ചതെന്ന് സെബിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ചിത്ര രാമകൃഷ്ണന്‍ ഇയാളെ നേരില്‍ കണ്ടിട്ടില്ല. സ്റ്റോക്ക് എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ആനന്ദ് സുബ്രഹ്മണ്യനെ നിയമിച്ചതും ഉയര്‍ന്ന ശമ്പളം നിശ്ചയിച്ചതും ഈ യോഗിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. ആനന്ദ് സുബ്രഹ്മണ്യന്‍ തന്നെയാണ് ഹിമാലയന്‍ യോഗിയെന്ന് സി ബി ഐയ്ക്ക് നേരത്തെ സംശയമുണ്ടായിരുന്നു.












Click it and Unblock the Notifications