ഹരിയാനയിലെ നൂഹ് കലാപം; കോണ്‍ഗ്രസ് എംഎല്‍എ മാമ്മന്‍ ഖാന്‍ അറസ്റ്റില്‍
ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിലുണ്ടായ കലാപവും അക്രമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ മാമ്മന്‍ ഖാന്‍ അറസ്റ്റില്‍. നൂഹ് പോലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഫിറോസ്പൂര്‍ ജിര്‍ക്കയില്‍ നിന്നുള്ള എംഎല്‍എയാണ് മാമ്മന്‍ ഖാന്‍. നഗീന പോലീസ് നേരത്തെ മാമ്മന്‍ ഖാനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ എംഎല്‍എയെ പ്രതിയാക്കി കേസെടുത്തിരുന്നു.
അന്വേഷണത്തോട് സഹകരിക്കാന്‍ മാമ്മന്‍ ഖാന്‍ തയ്യാറായിരുന്നില്ല. ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഇതോടെ പ്രാഥമികമായ തെളിവുകള്‍ ഉപയോഗിച്ച് എംഎല്‍എയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത പ്രചരിപ്പിക്കാന്‍ ശ്രമിച്ചു, സ്‌ഫോടക വസ്തുക്കള്‍ കൈവശം വെക്കല്‍ എന്നീ വകുപ്പുകളാണ് മാമ്മന്‍ ഖാനെതിരെ ചുമത്തിയത്.

കേസിലെ പ്രതിയെന്ന് പോലീസ് പറയുന്ന ഒരാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എംഎല്‍എയുടെ ഫോണ്‍ വിളികള്‍ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴിയും അതുപോലെ എടുത്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. മൊത്തം 52 പേര്‍ക്കെതിരെയാണ് കേസെടുത്തത്. അതില്‍ അഞ്ച് ആളുകളുടെ പേരുകള്‍ എഫ്‌ഐആറിലുണ്ട്. 42 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസില്‍ നേരത്തെ അറസ്റ്റിലായ തൗഫീഖ് എന്നയാളാണ് എംഎല്‍എയ്‌ക്കെതിരെ മൊഴി നല്‍കിയത്. കേസില്‍ തൗഫീഖും പ്രതിയാണ്. മൊഴിയെ തുടര്‍ന്ന് പോലീസ് എംഎല്‍എയുടെ കോള്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. മാമ്മന്‍ ഖാന്റെയും തൗഫീഖിന്റെയും ടവര്‍ ലൊക്കേഷനും പോലീസ് പരിശോധിച്ചു.
ജൂലായ് 29, 30 തിയതികളില്‍ ഇവര്‍ രണ്ട് പേരും പരസ്പരം ഫോണിലൂടെ സംസാരിച്ചതായി പോലീസ് പറയുന്നു. ജൂലായ് 31നാണ് നൂഹില്‍ അക്രമങ്ങള്‍ അരങ്ങേറിയത്. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നാണ് തൗഫീഖിനെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications