പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധം; യുപിയില്‍ ബുള്‍ഡോസറുമായി ഉദ്യോഗസ്ഥര്‍
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചവരുടെ സ്വത്ത് വകകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ കടകളും മറ്റുമാണ് തകര്‍ത്തത്. ഇന്നലെയായിരുന്നു കാണ്‍പൂരിലെ പ്രതിഷേധം. പരേഡ് മാര്‍ക്കറ്റില്‍ ഒരു വിഭാഗം ആളുകള്‍ കടകള്‍ അടയ്ക്കുകയും മറ്റുള്ളവരെ അടപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പിന്നീട് ചേരിതിരിഞ്ഞ് സംഘര്‍ഷവും കല്ലേറുമുണ്ടായി. പോലീസ് ഇടപെട്ട് വിരട്ടിയോടിച്ചു. ഈ സംഭവത്തില്‍ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രദേശത്തെ പ്രധാന മുസ്ലിം നേതാവായ സഫര്‍ ഹയാത്ത് ഹശ്മിയാണ് പ്രതിഷേധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് ആരോപണം. ഹശ്മിയുടെ കടകള്‍ പൊളിച്ചുനീക്കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുള്‍ഡോസറുമായി ഉദ്യോഗസ്ഥരും പോലീസുമെത്തി കടകള്‍ പൊളിക്കുകയായിരുന്നു. കാണ്‍പൂരിലെ ബിത്തൂരിലുള്ള റിയാസ് അഹമ്മദിന്റെ നിര്‍മാണം നടക്കുന്ന പെട്രോള്‍ പമ്പും പൊളിച്ചുനീക്കിയവയില്‍ ഉള്‍പ്പെടും. കാണ്‍പൂര്‍ വികസന അതോറിറ്റി ഉദ്യോഗസ്ഥരാണ് പെട്രോള്‍ പമ്പ് പൊളിച്ചുനീക്കിയത്. ഡിസിപി സഞ്ജീവ് ത്യാഗിയുടെ നേതൃത്വത്തില്‍ എട്ടംഗ സംഘമാണ് കേസ് അന്വേഷിച്ചത്. സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢലോചന നടന്നിട്ടുണ്ടെന്ന് ബിജെപിയുടെ എംഎല്‍സിയായ മുഹ്‌സിന്‍ റാസ ആരോപിച്ചിരുന്നു.
അതേസമയം, പ്രതിഷേധിച്ചവര്‍ക്കെതിരെ ഉത്തര്‍ പ്രദേശ് പോലീസ് കടുത്ത നടപടി തുടങ്ങി. ആറ് ജില്ലകളില്‍ നിന്നായി 227 പേരെ അറസ്റ്റ് ചെയ്തു. അലഹാബാദില്‍ നിന്ന് 68 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഹത്രാസില്‍ 50 പേരും സഹാറന്‍പൂരില്‍ 48 പേരും അംബേദ്കര്‍ നഗറില്‍ 28 പേരും മുറാദാബാദില്‍ 25 പേരും ഫിറോസാബാദില്‍ 8 പേരുമാണ് അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. സംഘര്‍ഷത്തിന്റെയും പ്രതിഷേധത്തിന്റെയും വീഡിയോ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിയുന്നത്. വെള്ളിയാഴ്ച ജുമുഅ നിസ്‌കാര ശേഷമാണ് യുപി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധം രൂപപ്പെട്ടത്. ഇത് മുന്‍കൂട്ടി കണ്ട് പള്ളികള്‍ക്കും മറ്റു മത കേന്ദ്രങ്ങള്‍ക്കും മുന്നില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു.
ബിജെപി ദേശീയ വക്താവായിരുന്ന നുപുര്‍ ശര്‍മ, ഡല്‍ഹി വക്താവ് നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവരുടെ പ്രവാചകനെതിരായ പ്രതികരണമാണ് വിവാദമായത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും പാര്‍ട്ടിയില്‍ നിന്ന് ബിജെപി സസ്‌പെന്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍ രണ്ടാഴ്ചയായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതാണ് പ്രതിഷേധം ശക്തിപ്പെടാന്‍ കാരണം. സാമൂഹിക വിരുദ്ധ സംഘങ്ങളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് യുപി സര്‍ക്കാര്‍ പറയുന്നു. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസിന് അനുമതി നല്‍കിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.












Click it and Unblock the Notifications