നഴ്‌സിങ് തട്ടിപ്പ്; ഉതുപ്പ് വര്‍ഗീസ് സുപ്രീംകോടതിയില്‍
ദില്ലി: കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചു. നേരത്തെ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചതിനെ തുടര്‍ന്നാണിത്. ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്ന ഉതുപ്പ് വര്‍ഗീസിനായി ഇന്റര്‍പോള്‍ കഴിഞ്ഞദിവസം റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇന്റര്‍ പോളിന്റെ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതോടെ കീഴടങ്ങുകയോ മുന്‍കൂര്‍ ജാമ്യത്തിലൂടെ രക്ഷനേടുകയോ മാത്രമാണ് ഉതുപ്പിന്റെ മുന്നിലുള്ള വഴി. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും ബിസിനസ് രംഗത്തെ ശത്രുക്കളാണ് ഇതിന് പിന്നലെന്നുമാണ് ഉതുപ്പ് വര്‍ഗീസ് സുപ്രീംകോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

സിബിഐ അന്വേഷിക്കുന്ന കേസുമായി സഹകരിക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ താന്‍ തയ്യാറാണെന്ന് ഉതുപ്പ് പറയുന്നു. എന്നാല്‍ വിമാനത്താവളത്തില്‍നിന്നുതന്നെ അറസ്റ്റിലാകാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് ഇയാളുടെ ആവശ്യം. ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
അല്‍ സറഫ എന്ന ഉതുപ്പ് വര്‍ഗീസിന്റെ ഏജന്‍സിയാണ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി നേടിയെടുത്തത്. എന്നാല്‍, 19,500 രൂപമാത്രം വിസ ഫീസ് ഈടാക്കണമെന്ന നിര്‍ദ്ദേശം ഒഴിവാക്കി 20 ലക്ഷത്തോളം രൂപ നഴ്‌സുമാരില്‍ നിന്നും ഫീസിനത്തില്‍ തട്ടിയെടുത്ത് കോടിക്കണക്കിന് രൂപ സമ്പാദിച്ചെന്നാണ് ഉതുപ്പിനെതിരായ കേസ്.












Click it and Unblock the Notifications