ഭാവി വരന് സഹപാഠി അശ്ലീല ചിത്രം അയച്ചു; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
ചണ്ഡീഗഡ്: ഭാവി വരന് സഹപാഠി അശ്ലീല ചിത്രം അയച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പഞ്ചാബിലെ അംബേദ്കര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് സ്ഥാപനത്തില്‍ വിദ്യാര്‍ഥിനിയായിരുന്ന അഭിജിത്ത് കൗര്‍ ആണ് ജീവിതം അവസാനിപ്പിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അംബാലയിലെ യുവാവുമായി ഡിസംബറില്‍ അഭിജിത്തിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് വരന് കോളേജിലെ സഹപാഠി മുഹമ്മദ് നിഷാദ് നഗ്നചിത്രങ്ങള്‍ ഇ മെയില്‍വഴി അയച്ചുകൊടുത്തത്. സംഭവം അറിഞ്ഞതുമുതല്‍ അഭിജിത്ത് വിഷാദത്തിലായിരുന്നെന്ന് സുഹൃത്ത് പോലീസിനോട് പറഞ്ഞു.

നാല് മാസത്തോളമായി നിഷാദ് പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നുണ്ടെന്ന് പോലീസ് പറയുന്നു. ഇതേതുടര്‍ന്ന് ഇയാളെക്കുറിച്ച് പോലീസില്‍ പരാതിയുമെത്തിയിരുന്നു. നിഷാദിന്റെ പിതാവിനെ വിളിച്ച് പോലീസ് വിഷയത്തില്‍ താക്കീത് ചെയ്തതുമാണ്. പിതാവിന്റെ ഉറപ്പിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിക്കെതിരെ കൂടുതല്‍ നടപടിയെടുക്കാതിരുന്നത്.
എന്നാല്‍, കഴിഞ്ഞദിവസം ചിത്രങ്ങള്‍ നിഷാദ് അഭിജിത്തിന്റെ ഭാവി വരന് അയച്ചുകൊടുക്കുകയായിരുന്നു. വരന്‍ ഇക്കാര്യം അറിയിച്ചതോടെ ഈ ചിത്രങ്ങള്‍ തന്റെ ഭാവി ബന്ധുക്കള്‍ കാണാനിടയായാല്‍ എന്തു സംഭവിക്കുമെന്നോര്‍ത്ത് പെണ്‍കുട്ടി ദു:ഖിതയായിരുന്നെന്ന് ഹോസ്റ്റലിലെ സുഹൃത്ത് പറയുന്നു.
മകളുടെ മരണത്തിന് കാരണക്കാരന്‍ നിഷാദ് ആണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. നിഷാദ് ഇപ്പോള്‍ ദില്ലിയിലാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാളെ കണ്ടെത്താനും ചിത്രങ്ങള്‍ അയച്ച മൊബൈല്‍ ഫോണും കമ്പ്യൂട്ടറും പരിശോധിക്കാനുമാണ് ശ്രമിക്കുന്നത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ എപ്പോഴാണ് എടുത്തതെന്നും അന്വേഷിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


Click it and Unblock the Notifications