സെല്‍ഫി പ്രേമം കൂടി, പൈലറ്റിന്റെ പണി പോയേക്കും
ദില്ലി: സെല്‍ഫി എടുക്കാന്‍ വേണ്ടി ആളുകള്‍ ജീവന്‍ കളയാന്‍ തയ്യാറാകുന്നത് നമ്മുടെ നാട്ടില്‍ പുതിയ കാര്യമല്ല. എന്നാല്‍ സെല്‍ഫിക്ക് വേണ്ടി ഉള്ള ജോലി കൂടി പോട്ടെ എന്ന് വെച്ചാലോ. അതും ഒരു പൈലറ്റ്. ജെറ്റ് എയര്‍വേയ്‌സിലെ പൈലറ്റായ സഹില്‍ അറോറയാണ് വിമാനത്തിന്റെ കോക്പിറ്റില്‍ കയറി സെല്‍ഫി എടുത്ത് വെട്ടിലായിരിക്കുന്നത്.
അതും ഒറ്റയ്ക്കല്ല, കൂട്ടുകാരെയും കുടുംബാംഗങ്ങളെയും കൂട്ടിയാണ് ഇഷ്ടന്‍ കോക്പിറ്റില്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. സഹില്‍ അറോറ ഫോട്ടോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തതോടെയാണ് സംഭവം പുറത്തായത്. സംഭവം വിവാദമായതോടെ ജെറ്റ് എയര്‍വേയ്‌സിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍.

വിമാനത്തിലെ ജീവനക്കാര്‍ക്ക് മാത്രമേ കോക്പിറ്റില്‍ കയറാന്‍ അനുവാദമുള്ളൂ. നിരോധിത മേഖലയായ കോക്പിറ്റില്‍ പൈലറ്റിന്റെ വീട്ടുകാരും കൂട്ടുകാരും കയറിയത് ഏത് സാഹചര്യത്തിലാണ് എന്നാണ് അന്വേഷിക്കുന്നത്. മെയില്‍ ടുഡേയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ വിമാനം പറക്കുമ്പോഴല്ല പൈലറ്റ് സെല്‍ഫി എടുത്തത് എന്നാണ് ജെറ്റ് എയര്‍വേയ്‌സ് പറയുന്നത്.
കോക്പിറ്റില്‍ കയറി വിവാദത്തിലായ ഒരു നടിയും നമുക്കുണ്ട്. തെന്നിന്ത്യയിലെ പ്രശസ്ത നായികനടിയായ നിത്യാ മേനോനാണ് വിമാനത്തിന്റെ കോക്പിറ്റില്‍ യാത്ര ചെയ്ത് വിവാദ നായികയായത്. സെല്‍ഫി ഒന്നും എടുത്തില്ലെങ്കിലും നിത്യയുടെ എയര്‍ ഇന്ത്യയിലെ പറക്കല്‍ വന്‍ വാര്‍ത്തയായി. എയര്‍ ഇന്ത്യയിലെ പൈലറ്റുമാരെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു.












Click it and Unblock the Notifications