ആശുപത്രിയിലേക്ക് പോകും വഴി രോഗിക്കൊപ്പം മദ്യപിച്ച് ആംബുലന്‍സ് ഡ്രൈവര്‍, വീഡിയോ പുറത്ത്
ഭുവനേശ്വര്‍: ആശുപത്രിയിലേക്ക് രോഗിയുമായി പോകുന്നതിനിടെ നടുറോഡില്‍ ആംബുലന്‍സ് നിര്‍ത്തി മദ്യപിച്ച് ഡ്രൈവര്‍. രോഗിക്കും ഇയാള്‍ മദ്യം ഒഴിച്ചു കൊടുത്തു. ഇതിന്റെ വീഡിയോ പുറത്തായിട്ടുണ്ട്. ഒഡിഷയിലാണ് സംഭവം. കാലില്‍ പ്ലാസ്റ്ററിട്ട ഒരാളാണ് ആംബുലന്‍സില്‍ കിടക്കുന്നത്. ഇവര്‍ക്കൊപ്പം ഒരു സ്ത്രീയും കുഞ്ഞും ആംബുലന്‍സില്‍ ഇരിക്കുന്നുമുണ്ട്.
ടിര്‍ട്ടോള്‍ ഏരിയയിലെ ഒരു ഹൈവേയുടെ സൈഡില്‍ ആണ് സംഭവം. ഓംമ്‌നി ആംബുലന്‍സിന്റെ വശത്തെ ഡോര്‍ തുറന്ന് കിടക്കുന്നതും അതിനുള്ളില്‍ ഒരാള്‍ കിടക്കുന്നതും കാണാം. ഡ്രൈവര്‍ ആംബുലന്‍സിന്റെ പുറത്താണ് നില്‍ക്കുന്നത്. ഡ്രൈവര്‍ ആണ് രണ്ട് ഗ്ലാസിലേക്ക് മദ്യവും വെള്ളവും പകരുന്നത്. ശേഷം രോഗിയും ഇയാളും കൂടി ചേര്‍ന്ന് മദ്യപിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

വീഡിയോ ചിത്രീകരിക്കുന്നത് കണ്ടിട്ടും ഇരുവരും യാതൊരു കൂസലുമില്ലാതെ ആണ് മദ്യപിക്കുന്നത്. അതേസമയം സംഭവം വിവാദമായതിന് പിന്നാലെ രോഗി ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ മദ്യം ഒഴിച്ചുകൊടുത്തതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ വിശദീകരിച്ചു. ഇരുവരും രണ്ടുപെഗ്ഗ് വീതം കഴിക്കുന്നതാണ് പുറത്ത് വന്ന വീഡിയോയില്‍ ഉള്ളത്.
അതേസമയം സ്വകാര്യ ആംബുലന്‍സ് ആയതിനാല്‍ തങ്ങള്‍ക്കൊന്നും പറയാനില്ല എന്നാണ് ജഗത്സിംഗ്പൂര്‍ ചീഫ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (സി ഡി എ ംഒ) ഡോ. ക്ഷേത്രബാസി ദാസ് പി ടി ഐയോട് പറഞ്ഞത്. എന്നാല്‍ തെറ്റ് ചെയ്ത ഡ്രൈവര്‍ക്കെതിരെ ബന്ധപ്പെട്ട ആര്‍ ടി ഒയും പൊലീസും നടപടിയെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്തി ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ ആരും നേരിട്ട് പരാതി നല്‍കിയിട്ടില്ല എന്നും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമെ അന്വേഷണം ആരംഭിക്കൂവെന്നും ടിര്‍ട്ടോള്‍ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ ജുഗല്‍ കിഷോര്‍ ദാസ് പറഞ്ഞു.












Click it and Unblock the Notifications