ആശ്രമത്തില്‍ തോക്ക്; ആള്‍ദൈവവും രണ്ട് മക്കളും അറസ്റ്റില്‍!
ഭുവനേശ്വര്‍: വിവാദ ആള്‍ദൈവം രാധേ മായ്ക്ക് പിന്നാലെ മറ്റൊരു സ്വയം പ്രഖ്യാപിത ആള്‍ദൈവം കൂടി പോലീസിന്റെ പിടിയിലായി. ഒഡീഷയിലെ ഭുവനേശ്വറില്‍ സുരേന്ദ്രനാഥ മിശ്ര എന്ന ആള്‍ദൈവമാണ് അകത്തായത്. തലസ്ഥാനമായ ഭുവനേശ്വറിന് സമീപം ത്രാഹി അച്യുത് ആശ്രമത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
സുരേന്ദ്രനാഥ മിശ്രയ്‌ക്കൊപ്പം ഇയാളുടെ രണ്ട് ആണ്‍മക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശ്രമത്തില്‍ നടത്തിയ റെയ്ഡില്‍ ക്രൈം ബ്രാഞ്ച് പോലീസ് സംഘം രണ്ട് തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ആശ്രമത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ പരാതിയുമായി ജനങ്ങള്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

സുരേന്ദ്രനാഥ മിശ്രയുടെ ആശ്രമത്തില്‍ അക്രമികളെ ഒളിപ്പിക്കുന്നു, ഭൂമി കൈയ്യേറ്റവും ലൈംഗിക അതിക്രമങ്ങളും നടക്കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളുമായിട്ടാണ് പൊതുപ്രവര്‍ത്തകര്‍ പോലിസില്‍ പരാതി നല്‍കിയത്. പോലീസില്‍ പരാതി നല്‍കുക മാത്രമല്ല, ജനക്കൂട്ടം ആശ്രമത്തിന് തീയിടുകയും ചെയ്തു. ഞായറാഴ്ച രാത്രിയായിരുന്നു ഈ സംഭവം. തിങ്കളാഴ്ചയാണ് സുരേന്ദ്രനാഥ മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തത്.
സാമ്പത്തിക തിരിമറി, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഒഡീഷയില്‍ സാരഥി ബാബ എന്ന ആള്‍ദൈവത്തെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. സ്ത്രീധന പീഡനക്കേസില്‍ പോലീസ് അന്വേഷണം നേരിടുകയാണ് മറ്റൊരു ആള്‍ദൈവമായ രാധേ മാ. ഇവര്‍ക്കെതിരെ വേറെയും പരാതികള്‍ പോലീസിന് കിട്ടിയിട്ടുണ്ട്.












Click it and Unblock the Notifications