ഒഡീഷ ട്രെയിന്‍ അപകടം; റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്, കണ്ടെത്തലുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഒഡീഷ ട്രെയിന്‍ അപകടത്തിന്റെ കാരണം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് റെയില്‍വേ പുറത്തുവിട്ടു. സിഗ്നല്‍ പിഴവാണ് അപകടത്തിന് കാരണമെന്ന് റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ആദ്യമായിട്ടാണ് അപകട കാരണങ്ങള്‍ വിശദീകരിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ട് കേന്ദ്ര റെയില്‍വേ മന്ത്രാലയം പുറത്തുവിടുന്നത്. അപകടത്തെ തുടര്‍ന്ന് 293 പേരാണ് മരിച്ചത്.
കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെയുണ്ടായ ഏറ്റവും ദാരുണമായ റെയില്‍വേ അപകടമാണിത്. രാജ്യസഭയില്‍ സിപിഎം എംപി ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിട്ടാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നോര്‍ത്ത് സിഗ്നല്‍ സ്‌റ്റേഷനിലെ വീഴ്ച്ചകളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇലക്ട്രിക് ലിഫ്റ്റിംഗ് ബാരിയറിന്റെ മാറ്റി സ്ഥാപിക്കാനുള്ള സിഗ്നലിംഗ് പ്രവര്‍ത്തിക്കള്‍ കൃത്യമായി ചെയ്യുന്നതിലുള്ള വീഴ്ച്ചകളുണ്ടായെന്ന് റെയില്‍വേ പറയുന്നു. ഈ വീഴ്ച്ചകള്‍ കാരണം തെറ്റായ ലൈനില്‍ ഗ്രീന്‍ സിഗ്നലുകള്‍ തെളിഞ്ഞ് വന്നു. ഇതിലൂടെയാണ് ട്രെയിനുകള്‍, സ്റ്റേഷനറി ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചത്.

റെയില്‍വേ അധികൃതരുടെ ഭാഗത്ത് വലിയ അനാസ്ഥയാണ് ഉണ്ടായതെന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അപകടത്തില്‍ മരിച്ച 41 യാത്രക്കാരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം സമാനമായ സിഗ്നല്‍ വീഴ്ച്ചകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായതിന്റെ വിവരങ്ങള്‍ ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നല്‍കിയില്ല.
അതേസമയം ഇതിന് മുമ്പ് സിഗ്നല്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ബാലസോറില്‍ ഉണ്ടായത് പോലെയുള്ള ഗുരുതരമായ അപകടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം ബ്രിട്ടാസിനുള്ള മറുപടിയില്‍ പറഞ്ഞു. നേരത്തെ ഈ മാസം അപകടവുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ അന്വേഷണത്തില്‍ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഉള്ളത്. ജൂലായ് പതിനഞ്ചിന് ഇവരുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചിരുന്നു. അടുത്ത വാദം കേള്‍ക്കല്‍ ജൂലായ് 27നാണ്.
അന്വേഷണത്തില്‍, സമാനമായ സംഭവം, ഖരഗ്പൂര്‍ ഡിവിഷനിലുള്ള ബംഗരനയാബാസ് സ്റ്റേഷനില്‍ നടന്നതായി കണ്ടെത്തിയിരുന്നു. ഖരഗ്പൂര്‍ ഡിവിഷനിലുണ്ടായ അപകടത്തിന് ശേഷം കൃത്യമായ നടപടി എടുത്തിരുന്നെങ്കില്‍ ബാലസോറിലെ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും സിആര്‍എസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. റെയില്‍വേ സുരക്ഷയുടെ കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയെങ്കിലും, സാധാരണ കാര്യങ്ങള്‍ പോലും അവര്‍ ഗൗരവത്തിലെടുത്തിട്ടില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രാഷ്ട്രീയ നേതൃത്വത്തിന്റെ അടക്കം വീഴ്ച്ചയാണ് ഇത് തെളിയിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അപകടത്തെ തുടര്‍ന്ന് സതേണ്‍-ഈസ്റ്റേണ്‍ റെയില്‍വേയുടെ ജനറല്‍ മാനേജര്‍ അര്‍ച്ചന ജോഷിയെ മാറ്റിയിരുന്നു.












Click it and Unblock the Notifications