ഒഡീഷ ട്രെയിൻ അപകടം: അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പോകാൻ പ്രത്യേക ട്രെയിൻ
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾക്കായി ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ. ഡോ എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് ഒഡീഷയിലെ ഭദ്രകിലേക്ക് ആണ് പ്രത്യേക ട്രെയിൻ സർവീസ്.
02840 എന്ന നമ്പരിലുള്ള പ്രത്യേക ട്രെയിൻ ഇന്ന് ചെന്നൈ-ഹൗറ മെയിലിന്റെ ( ട്രെയിൻ നമ്പർ 12840) സമയക്രമം അനുസരിച്ചായിരിക്കും ഓടുക എന്നാണ് ലഭിക്കുന്ന വിവരം. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി കുടുംബാംഗങ്ങൾ ചെന്നൈ ഡിവിഷനിലെ ഹെൽപ്പ് ലൈൻ നമ്പരുകളിൽ ബന്ധപ്പെടാനും യാത്രാവിവരങ്ങൾ രജിസ്റ്റർ ചെയ്യാനും റെയിൽവേ അഭ്യർത്ഥിച്ചു. പേര്, വിലാസം, ഫോൺ നമ്പർ എന്നിവയാണ് ആവശ്യമായ വിവരങ്ങൾ .

കൂടാതെ, ഇക്കാര്യത്തിൽ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനും സഹായിക്കുന്നതിനുമായി ചെന്നൈ, കാട്‌പാടി, ജോലാർപേട്ട എന്നിവിടങ്ങളിൽ പ്രത്യേക ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിച്ചിട്ടുണ്ട്. സഹായത്തിനായി 044 25330952, 044 25330953, 044 25354771 എന്നീ ഹെൽപ്പ്ലൈൻ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
കഴിഞ്ഞദിവസമാണ് 3 ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. യശ്വന്ത്പുരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റി തൊട്ടടുത്തുള്ള ട്രാക്കിലേക്ക് മറിയുകയും ഷാലിമർൃ കോറമണ്ഡൽ എക്സപ്രസിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഈ സമയം അടുത്ത ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിൻ പാളംതെറ്റി മറിഞ്ഞ കോച്ചുകളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.












Click it and Unblock the Notifications