പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍ വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍; ഇന്ധനവില കുറയുമെന്ന് മന്ത്രി
ന്യൂഡല്‍ഹി: പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍ വര്‍ധിപ്പിച്ച് പൊതുമേഖല എണ്ണക്കമ്പനികള്‍. പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റം വരുത്താതെയാണ് വര്‍ധനവ്. ഇത് പ്രകാരം ഡീലര്‍മാര്‍ക്ക് ഒരു കിലോ ലിറ്റര്‍ പെട്രോളിന് 1,868.14 രൂപയും ഉല്‍പന്നത്തിന്റെ ബില്ലിംഗ് വിലയുടെ 0.875 ശതമാനവും കമ്മീഷനായി ലഭിക്കും. ഡീസല്‍ വില കിലോലിറ്ററിന് 1389.35 രൂപയും ഉല്‍പന്നത്തിന്റെ ബില്ലിംഗ് വിലയുടെ 0.28 ശതമാനവും കമ്മീഷനായി ലഭിക്കും.
വില്‍പ്പനയും സ്ഥലവും അനുസരിച്ച് ഡീലര്‍ കമ്മീഷനുകള്‍ വ്യത്യാസപ്പെടും. അതേസമയം അന്തര്‍സംസ്ഥാന ചരക്ക് ഗതാഗതം യുക്തിസഹമാക്കുന്നതിനാല്‍ ഒഡീഷ, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില കുറയും. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇന്ധന വിതരണ ഡീലര്‍മാര്‍ തങ്ങളുടെ വരുമാനം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്.

നിലവിലെ പരിഷ്‌കാരം 10 ലക്ഷം വരുന്ന പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ഗുണപരമാകും എന്നാണ് വിലയിരുത്തുന്നത്. ഇത് ഉപഭോക്തൃ സേവന നിലവാരവും റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ക്ഷേമവും കൂടുതല്‍ മെച്ചപ്പെടുത്തും. വടക്കുകിഴക്കന്‍ മേഖലയിലെ പൗരന്‍മാര്‍ക്ക് ഏറെ ഗുണപരമാകും തീരുമാനം എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടാണ് ഈ തീരുമാനത്തിലൂടെ പ്രതിഫലിക്കുന്നതെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
വിദൂര സ്ഥലങ്ങളില്‍ (എണ്ണ വിപണന കമ്പനികളുടെ പെട്രോള്‍, ഡീസല്‍ ഡിപ്പോകളില്‍ നിന്ന് വളരെ അകലെ) സ്ഥിതി ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പരിഷ്‌കാരം എന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ഇത് പല ഭാഗങ്ങളിലും പെട്രോള്‍, ഡീസല്‍ വില കുറയാന്‍ ഇടയാക്കും എന്നും അദ്ദേഹം അവകാശപ്പെട്ടു.
പെട്രോള്‍ വില യഥാക്രമം 4.69 രൂപയും 4.55 രൂപയും, ഡീസല്‍ വില യഥാക്രമം 4.45 രൂപയും 4.32 രൂപയും കുറയുന്ന ഒഡീഷയിലെ മല്‍ക്കന്‍ഗിരിയിലെ കൂനന്‍പള്ളിയുടെയും കലിമേലയുടെയും ഉദാഹരണവും അദ്ദേഹം എക്‌സിലെ പോസ്റ്റില്‍ പങ്ക് വെച്ചു. ഛത്തീസ്ഗഡിലെ സുക്മയില്‍ പെട്രോള്‍ വില 2.09 രൂപയും ഡീസലിന് 2.02 രൂപയും കുറയും. ബിജാപൂര്‍, ബൈലാഡില, കാറ്റേകല്യണ്‍, ബച്ചേലി, ദന്തേവാഡ എന്നിവിടങ്ങളിലും വില കുറയും.
അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മിസോറാം എന്നിവിടങ്ങളിലും വില കുറയും മന്ത്രി ചൂണ്ടിക്കാട്ടി. ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധന രാജ്യത്തെ ഇന്ധനവില വര്‍ധിപ്പിക്കാതെ ദിവസവും ഇന്ധന റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ സന്ദര്‍ശിക്കുന്ന ഏകദേശം 7 കോടി പൗരന്മാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുമെന്നും പുരി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications