ബിജെപി തോറ്റപ്പോള്‍ എണ്ണവില കുറച്ചു!! അപ്പോള്‍ ഭരണം പോയാലോ? കേരളമല്ല രാജസ്ഥാന്‍
ന്യൂഡല്‍ഹി: വാണംപോലെ കുതിച്ചുപൊങ്ങിയ എണ്ണവില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. വന്‍തോതില്‍ കൂട്ടിയിട്ട് അല്‍പ്പം കുറച്ചിരിക്കുന്നു എന്നാണ് പ്രതിപക്ഷ നേതാക്കളില്‍ ചിലര്‍ പ്രതികരിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ തോറ്റത് കാരണമാണ് നരേന്ദ്ര മോദി പുനര്‍വിചിന്തനം നടത്തിയതെന്ന അഭിപ്രായവും ഉയര്‍ന്നു. ബിജെപിയെ പുറത്താക്കിയാല്‍ മാത്രമേ പെട്രോള്‍ വില 50 രൂപയിലെത്തൂ എന്നാണ് ശിവസേന നേതാവ് പറഞ്ഞത്.
കേരളത്തില്‍ മറ്റൊരു തരത്തിലാണ് ചര്‍ച്ച. കോണ്‍ഗ്രസ് നേതൃത്വം തങ്ങള്‍ നടത്തിയ സമരം എടുത്തുപറയുന്നു. സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ സംസ്ഥാന നികുതി കുറയ്ക്കില്ല എന്നാണ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ സര്‍ക്കാരിന്റെ നിലപാട്. എണ്ണവില കുറഞ്ഞതിന് പിന്നാലെ എല്ലാ പാര്‍ട്ടികളും കളത്തിലുണ്ട്. കൂടുതല്‍ അറിയാം...

എക്‌സൈസ് നികുതി കുറയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും. മോദിയുടെ ദീപാവലി സമ്മാനം എന്ന മട്ടില്‍ ബിജെപി നേതൃത്വം പ്രചരിപ്പിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങള്‍ സംസ്ഥാന നികുതിയിലും ഇളവ് വരുത്തി. ഇതോടെ ഈ സംസ്ഥാനങ്ങളില്‍ വീണ്ടും എണ്ണവില കുറഞ്ഞു. ഒഡീഷയില്‍ ബിജെഡി സര്‍ക്കാരും നികുതി കുറച്ചു.

മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 30 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നത് ചൊവ്വാഴ്ചയാണ്. ബിജെപിയെ ഞെട്ടിക്കുന്നതായിരുന്നു ഫലം. ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ബംഗാള്‍ എന്നിവിടങ്ങളിലെല്ലാം ബിജെപിക്ക് ശക്തമായ തിരിച്ചടി കിട്ടി. അതേസമയം, അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി സഖ്യകക്ഷികള്‍ ജയിക്കുകയും ചെയ്തു. മൊത്തത്തില്‍ ബിജെപിക്ക് ക്ഷീണമായി എന്നാണ് വിലയിരുത്തല്‍.

ഉപതിരഞ്ഞെടുപ്പിലെ തോല്‍വി ബിജെപിയെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചു എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞത്. നികുതി കാരണമാണ് വില കൂടിയത് എന്ന് വ്യക്തമായിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അത്യാര്‍ത്തിയാണ് നികുതി ഉയര്‍ത്താന്‍ കാരണമെന്നും ചിദംബരം പറഞ്ഞു. ചിദംബരത്തിനെതിരെ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ രംഗത്തുവന്നു.

ഉപതിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ എക്‌സൈസ് നികുതി കുറച്ചു, ബിജെപിയെ പൂര്‍ണമായും പരാജയപ്പെടുത്തിയാല്‍ മാത്രമേ പെട്രോള്‍ വില 50 രൂപയിലെത്തൂ എന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് എംപി പ്രതികരിച്ചത്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ എണ്ണവില 50 രൂപയിലെത്തിക്കുമെന്ന ബിജെപി നേതാക്കളുടെ പഴയ പ്രസ്താവനകള്‍ ട്രോളന്‍മാര്‍ വീണ്ടും കുത്തിപ്പൊക്കിയിട്ടുണ്ട്.

300 ശതമാനം കൂട്ടിയ ശേഷം രണ്ട് ശതമാനം കുറച്ചതാണോ വലിയ കാര്യമെന്ന് സിപിഎം നേതാക്കള്‍ ചോദിക്കുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ വര്‍ധിപ്പിച്ച തുകയുടെ കണക്കുകളും പ്രതിപക്ഷം പുറത്തുവിട്ടു. മോദി സര്‍ക്കാരിന്റെ കാപട്യമാണ് പുറത്തുവന്നിരിക്കുന്നത് എന്ന നിലപാടാണ് കേരളത്തിലെ സിപിഎം നേതൃത്വം സ്വീകരിച്ചത്.
ഹാപ്പി ബര്‍ത്ത്‌ഡേ അമ്മാ... മല്ലിക സുകുമാരനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് ഇന്ദ്രജിത്തും പൃഥ്വിരാജും

അതേസമയം, കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും മറ്റൊരു ആവശ്യമാണ് ഉന്നയിച്ചത്. തങ്ങള്‍ നടത്തിയ സമരത്തിന്റെ വിജയമാണിതെന്ന് അവകാശപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍, സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അതുവരെ സമരം തുടരുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. മോദി സര്‍ക്കാരിന് ജനങ്ങളോടുള്ള താല്‍പ്പര്യം എടുത്തുപറഞ്ഞ ബിജെപി നേതൃത്വം പിണറായി സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അവരും സമരം തുടരും.

അതേസമയം, കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ സംസ്ഥാന നികുതി കുറയ്‌ക്കേണ്ട എന്നാണ് തീരുമാനിച്ചത്. കേന്ദ്രം നികുതി കുറയ്ക്കുമ്പോള്‍ സ്വാഭാവികമായും സംസ്ഥാന നികുതിയില്‍ കുറവ് വരും. അതുമതിയെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറയുന്നു. കേരളത്തില്‍ സിപിഎമ്മും സംസ്ഥാന നികുതി കുറയ്‌ക്കേണ്ടെന്നും ഇടതുപക്ഷം അധികാരത്തിലെത്തിയ ശേഷം നികുതി കൂട്ടിയിട്ടില്ലെന്നുമുള്ള നിലപാടിലാണ്. ജനങ്ങളെ ഇക്കാര്യം ബോധവല്‍ക്കരിക്കാനും അവര്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications