പഴയ സ്വർണം വിറ്റ് ഒഴിവാക്കുന്ന നോർത്ത് ഇന്ത്യക്കാർ; അതിന് ഞങ്ങള്‍ ഇല്ലെന്ന് കേരളം; വാങ്ങാന്‍ ഫുള്‍ കാശിറക്കും
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുറഞ്ഞു കൊണ്ടിരുന്ന സ്വർണ വില ഇന്ന് വീണ്ടും മുകളിലേക്ക് കയറിയിരിക്കുകയാണ്. ഇന്ന് സംസ്ഥാനത്ത് പവന് 920 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ വില വീണ്ടും 92000 കടന്ന് 92120 രൂപയിലേക്ക് എത്തി. ഗ്രാമിന് 115 രൂപ കൂടി 11515 രൂപയിലും വില്‍പ്പന നടക്കുന്നു. ഇതോടെ സ്വർണ വില വീണ്ടും കുതിപ്പിന് ഒരുങ്ങുകയാണോയെന്ന ആശങ്കയും ശക്തമായിരിക്കുകയാണ്.
സ്വർണ വിലയില്‍ ഈ വർഷം മാത്രം ഏകദേശം അമ്പത് ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. നിക്ഷേപകരെ സംബന്ധിച്ച് ഇത് വലിയ ലാഭം കൊണ്ടുവന്നപ്പോള്‍ സാധാരണക്കാരായ സ്വർണാഭരണ പ്രേമികള്‍ക്കുമേല്‍ വലിയ ആശങ്ക സൃഷ്ടിച്ചു. ഇതോടെ പുതിയ ആഭരണങ്ങള്‍ വാങ്ങുന്നതിന് പകരം പഴയ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.

സ്വർണം മാറ്റിവാങ്ങലിന്റെ പങ്ക് മൊത്തം വിൽപ്പനയിൽ റെക്കോർഡ് നിലവാരത്തിലെത്തിയെന്നും വിപണി വിദഗ്ധർ പറയുന്നു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള തനിഷ്ക് ജ്വല്ലറിയുടെ ഈ ഉത്സവ സീസണിലെ 50% വിൽപ്പനയും മാറ്റിവാങ്ങലിലൂടെയാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഇത് 35 ശതമാനം മാത്രമായിരുന്നു. റിലയൻസ് റീട്ടെയിലിലും സമാനമായ പ്രവണതയാണ് കാണുന്നത്. അവരുടെ ആഭരണ വിൽപ്പനയുടെ മൂന്നിലൊന്നും ഇപ്പോൾ മാറ്റിവാങ്ങലിൽ നിന്നാണ്. മുൻപ് ഇത് 22% ആയിരുന്നു. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻകോ ഗോൾഡിന്റെ മാറ്റിവാങ്ങലിന്റെ അനുപാതം 35%ൽ നിന്ന് 45% ആയും ഉയർന്നു.
ഇന്ത്യൻ വീടുകളിൽ ഏകദേശം 22,000 ടൺ ഉപയോഗിക്കാത്ത സ്വർണം ഉണ്ടെന്നാണ് കണക്ക്. അതിനാൽ, പലരും പുതിയ ആഭരണങ്ങൾ വാങ്ങുന്നതിന് പകരം പഴയ ആഭരണങ്ങൾ മാറ്റിവാങ്ങുന്നു. കൂടുതല്‍ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ചില ജ്വല്ലറികള്‍ എല്ലാ ക്യാരറ്റിലുള്ള സ്വർണത്തിനും വില കുറയ്ക്കാതെ മാറ്റിവാങ്ങൽ ഓഫർ അവതരിപ്പിച്ചിട്ടുണ്ട്.
നോർത്ത് ഇന്ത്യയിലും കിഴക്കന്‍ മേഖലയിലുമാണ് മാറ്റിവാങ്ങല്‍ ഏറ്റവും കൂടുതല്‍. കേരള അടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ഇപ്പോഴും താല്‍പര്യം പുതിയ സ്വർണാഭരണങ്ങള്‍ വാങ്ങുന്നതിന് തന്നെയാണ്. ഇന്ത്യയില്‍ വർഷം തോറും 800-850 ടൺ സ്വർണം വിറ്റഴിക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ 40 ശതമാനവും തെക്കന്‍ സംസ്ഥാനങ്ങളുടെ പങ്കാണ്, അതില്‍ തന്നെ വലിയൊരു വിഹിതം കേരളത്തിന്റേതുമാണ്.
പഴയ സ്വർണം വിറ്റഴിക്കുമ്പോൾ
പഴയ സ്വർണം വിറ്റഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ആദ്യം തന്നെ സ്വർണത്തിന്റെ ശുദ്ധത (22K, 18K മുതലായവ) പരിശോധിക്കുകയും ഹാൾമാർക്ക് (BIS സർട്ടിഫിക്കേഷൻ) ഉണ്ടോ എന്ന് ഉറപ്പുവരുത്തുകയും വേണം. വാങ്ങിയപ്പോഴുള്ള ബിൽ അല്ലെങ്കിൽ രസീത് കൈവശം ഉണ്ടെങ്കിൽ, അത് വിൽപ്പന എളുപ്പമാക്കും. അതായത് ജ്വല്ലറിക്കാരുമായി കാര്യമായ തർക്കങ്ങളൊന്നും ഇല്ലാതെ വില്‍പ്പന പൂർത്തീകരിക്കാന്‍ സാധിക്കും.
രണ്ടാമതായി ശ്രദ്ധിക്കേണ്ട കാര്യം നിലവിലെ വിപണി വില അറിഞ്ഞിരിക്കണം എന്നതാണ്. അന്നത്തെ ഒരു ഗ്രാം സ്വർണത്തിന്റെ വില (ജിഎസ്ടി ഉൾപ്പെടെ) വിവിധ ജ്വല്ലറികളിൽ താരതമ്യം ചെയ്യുന്നത് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. വിശ്വസനീയമായ ജ്വല്ലറിയെ തിരഞ്ഞെടുക്കുക എന്നുള്ളതും പ്രധാനപ്പെട്ട കാര്യമാണ്.
ബി ഐ എസ് സർട്ടിഫൈഡ് അല്ലെങ്കിൽ തനിഷ്ക്, കല്യാൺ ജ്വല്ലേഴ്സ്,, മലബാർ ഗോള്‍ഡ്, സെൻകോ ഗോൾഡ് പോലുള്ള പ്രശസ്ത ബ്രാൻഡുകൾ തിരഞ്ഞെടുക്കുന്നത് സുരക്ഷിതമാണ്. വ്യക്തിഗത വിൽപ്പനക്കാരേയും അംഗീകാരമില്ലാത്ത കടകളും ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്. അവസാനമായി, പഴയ സ്വർണം വിൽക്കുമ്പോൾ മേക്കിങ് ചാർജോ ഡിസൈനിന്റെ മൂല്യമോ പരിഗണിക്കപ്പെടില്ലെന്ന് ഓർക്കുക. ശുദ്ധമായ സ്വർണത്തിന്റെ ഭാരവും വിപണി വിലയും മാത്രമാണ് പലപ്പോഴും കണക്കാക്കുക. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ, സ്വർണം വിൽക്കുമ്പോൾ ഏറ്റവും മികച്ച മൂല്യം സ്വന്തമാക്കാന്‍ സാധിക്കും.












Click it and Unblock the Notifications