'എംപിക്കെതിരെ കേസെടുക്കാത്തത് ഇന്ത്യയ്ക്ക് റോസാപ്പൂക്കളുടെ ഗന്ധമാണോ നല്‍കുന്നത്', ഉഷക്കെതിരെ വിമർശനം
ദില്ലി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് എതിരെ ഒളിംപിക് അസോസിയേന്‍ അധ്യക്ഷ പിടി ഉഷ നടത്തിയ പരാമര്‍ശത്തിന് എതിരെ പ്രതിഷേധം ശക്തം. ഗുസ്തി താരങ്ങളുടെ തെരുവിലെ സമരം രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു എന്നാണ് പിടി ഉഷ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പിടി ഉഷയ്ക്ക് എതിരെ കായികരംഗത്തിന് അകത്തും പുറത്തും നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്.
'പ്രിയപ്പെട്ട പിടി ഉഷ, തുടര്‍ച്ചയായുളള ലൈംഗിക പീഡനത്തിന് എതിരെ നിങ്ങളുടെ സഹ കായികതാരങ്ങള്‍ നടക്കുന്ന നീതിപൂര്‍വ്വമായ പ്രതിഷേധത്തെ ഇകഴ്ത്തി കാണിക്കാന്‍ നിങ്ങള്‍ ആളല്ല. അവര്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിക്കുന്നതല്ല. എന്നാല്‍ അവരുടെ പ്രശ്‌നങ്ങളെ അവഗണിക്കുന്നതും അവരെ കേള്‍ക്കുന്നതിന് പകരം അവര്‍ക്കെതിരെ അന്വേഷണം നടത്തുന്നതും നടപടിയെടുക്കുന്നതുമാണ് രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നത്', കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

''ഗുസ്തി താരങ്ങള്‍ തെരുവില്‍ സമരം ചെയ്യുന്നത് ഇന്ത്യയുടെ പ്രതിച്ഛായ നശിപ്പിക്കും എന്നാണ് പിടി ഉഷ പറയുന്നത്. അപ്പോള്‍ ഭരണകക്ഷി എംപിയും ഗുസ്തി ഫെഡറേഷന്‍ തലവനുമായ വ്യക്തിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന- അധികാര ദുര്‍വിനിയോക പരാതികളില്‍ സുപ്രീം കോടതി ഉത്തരവുണ്ടായിട്ട് പോകും ദില്ലി പോലീസ് കേസെടുക്കാത്തത് ഇന്ത്യയ്ക്ക് റോസാപ്പൂക്കളുടെ സുഗന്ധമാണോ നല്‍കുന്നത്'' എന്നാണ് തൃണമൂല്‍ എംപി മഹുവ മൊയ്ത്രയുടെ ചോദ്യം.
രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുന്നത് ലൈംഗിക ആരോപണ വിധേയരായ എംപിമാര്‍ സ്വതന്ത്രരായി വിലസുകയും ഇരകള്‍ നീതിക്ക് വേണ്ടി പൊരുതുകയും ചെയ്യേണ്ടി വരുമ്പോഴാണ്. രാജ്യത്തിന്റെ അഭിമാനമായ കായിക താരങ്ങള്‍ ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തി എന്ന് കുറ്റപ്പെടുത്തുകയല്ല വേണ്ടത് അവര്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എംപിയായ പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചു.
കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവും പിടി ഉഷയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ' ലൈംഗികാതിക്രമം നേരിട്ട വനിതാ ഗുസ്തി താരങ്ങളുടെ പ്രതികരണം അച്ചടക്കമില്ലായ്മയാണെന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് പി ടി ഉഷയുടെ പരാമർശം ഖേദകരമാണ്. ഇന്ത്യൻ സ്ത്രീത്വത്തിന്റെ അഭിമാനബോധത്തെ ഒരു കാലത്ത് ജ്വലിപ്പിച്ച ട്രാക്ക് റാണിയിൽ നിന്നും ഈയൊരു നിലപാടുണ്ടായത് സ്ത്രീസമൂഹത്തിന് അംഗീകരിക്കാനാവില്ല.
കായിക മേഖലയടക്കമുള്ള പൊതുരംഗത്തേക്ക് ഏറെ പ്രയാസപ്പെട്ട് കടന്നുവരുന്നവരാണ് പുതുതലമുറ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ. അവർക്ക് ആ പ്രയാസം കരിയറിൽ എമ്പാടും അനുഭവിച്ച ശ്രീമതി. ഉഷ നൽകുന്നത് അച്ചടക്കം പാലിക്കണമെന്ന മുന്നറിയിപ്പാകുന്നത് അതിശയകരമാണ്. ഇരകളാക്കപ്പെടുന്ന സ്ത്രീകൾ വേട്ടക്കാരുടെ തിട്ടൂരം പാലിച്ചു പ്രതികരിക്കണമെന്ന പെൺവേട്ടക്കാരുടെ ശാസനം സമാരാധ്യയായ താരത്തിലൂടെ പുറത്തുവരുന്നത് അവർ സ്വന്തം നിലയും വിലയും കളഞ്ഞുകുളിക്കുന്നതിന് തുല്യമാണ്.
രാഷ്ട്രീയ യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി.ടി ഉഷയെയല്ല രാജ്യം ആരാധിക്കുന്നതെന്ന തിരിച്ചറിവോടെ സ്വന്തം വാക്കുകൾ അവർ തിരുത്തണം. ഇന്ത്യൻ ഭരണഘടന ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾക്ക് ഉറപ്പുനൽകുന്ന നീതി ഇരകളാക്കപ്പെട്ടവർക്ക് ഉറപ്പാക്കാൻ ജനപ്രതിനിധിയെന്ന പദവി കൂടി വഹിക്കുന്ന ശ്രീമതി. ഉഷയ്ക്ക് ഉത്തരവാദിത്തമുണ്ട്.












Click it and Unblock the Notifications