അവിശ്വാസ പ്രമേയം; അന്തിമ തീരുമാനമാകുന്നതുവരെ ഓം ബിര്‍ള ലോക്സഭാ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കും
ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തുനിന്ന് ഓം ബിര്‍ളയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍, ഈ പ്രമേയത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് വരെ സഭാ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച വിവരം സ്പീക്കറുമായി അടുത്ത വൃത്തങ്ങള്‍ പുറത്തുവിട്ടത്. ധാര്‍മ്മികമായ നിലപാട് സ്വീകരിച്ചാണ് അദ്ദേഹം ഈ തീരുമാനമെടുത്തതെന്നും സഭയില്‍ വിശ്വാസമില്ലായ്മ പ്രകടിപ്പിച്ച സാഹചര്യത്തില്‍ നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം കരുതുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.14-ന് സ്പീക്കറെ നീക്കം ചെയ്യാനുള്ള നോട്ടീസ് സമര്‍പ്പിച്ചത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാന്‍ അവസരം നല്‍കാത്തതും എട്ട് എംപിമാരെ സസ്പെന്‍ഡ് ചെയ്തതും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷത്തിന്റെ ഈ അസാധാരണ നീക്കം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 94(സി) പ്രകാരമാണ് ഈ നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസില്‍ വര്‍ഷം '2025' എന്ന് തെറ്റായി രേഖപ്പെടുത്തിയത് പിന്നീട് '2026' എന്ന് തിരുത്തി വീണ്ടും സമര്‍പ്പിക്കുകയായിരുന്നു.

ഭരണഘടനയുടെ 96-ാം വകുപ്പ് പ്രകാരം സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയം പരിഗണനയിലിരിക്കുമ്പോള്‍ അദ്ദേഹത്തിന് സഭയുടെ അധ്യക്ഷസ്ഥാനത്ത് ഇരിക്കാന്‍ കഴിയില്ല. 118-ഓളം എംപിമാര്‍ ഒപ്പിട്ട ഈ പ്രമേയത്തില്‍ ചര്‍ച്ച ആരംഭിക്കണമെങ്കില്‍ കുറഞ്ഞത് 50 പേരുടെ പിന്തുണ സഭയില്‍ ആവശ്യമാണ്. 14 ദിവസത്തെ നോട്ടീസ് കാലാവധി ആവശ്യമുള്ളതിനാല്‍, ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കുന്ന മാര്‍ച്ച് 9-ന് ശേഷമേ ഈ വിഷയത്തില്‍ ചര്‍ച്ച നടക്കാന്‍ സാധ്യതയുള്ളൂ. എംപിമാര്‍ സഭയുടെ അന്തസ്സ് പാലിക്കുമെന്ന് ഉറപ്പുനല്‍കുന്നത് വരെ സഭയില്‍ എത്തില്ലെന്ന് മുന്‍പ് 2023-ലും ഓം ബിര്‍ള സമാനമായ നിലപാട് സ്വീകരിച്ചിരുന്നു.












Click it and Unblock the Notifications