ഒമാന്‍ തീരത്ത് വെച്ച് ഇന്ത്യന്‍ കപ്പലിന് നേരെ ആക്രമണം; 13 പേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല
ഒമാന്‍ തീരത്ത് വെച്ച് ആക്രമണത്തിനിരയായ വാണിജ്യ കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യന്‍ നാവികരെ രക്ഷപ്പെടുത്തിയതായും ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതായും വിദേശകാര്യ മന്ത്രാലയം. 'എംടി എല്‍ ഗായ' എന്ന പേരുള്ള കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
'ഒമാന്‍ തീരത്ത് വെച്ച് ഇന്ന് നടന്ന 'എംടി എല്‍ ഗായ' എന്ന വാണിജ്യ കപ്പലിന് നേരെയുള്ള ആക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യന്‍ ജീവനക്കാരില്‍ 13 പേരെ ഇതുവരെ രക്ഷപ്പെടുത്തി. കാണാതായ ഇന്ത്യന്‍ പൗരനായുള്ള തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്,' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഒമാന്‍ അധികൃതരുമായി ഇന്ത്യന്‍ എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. നിരവധി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ഈ മേഖലയിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിത സഞ്ചാരം ഉറപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
'മേഖലയില്‍ സമാധാനം കൊണ്ടുവരുന്നതിനായി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും ചര്‍ച്ചകളിലൂടെയും നയതന്ത്രപരമായ മാര്‍ഗങ്ങളിലൂടെയും പ്രശ്‌നപരിഹാരം കാണാനുമുള്ള ഞങ്ങളുടെ ആവശ്യം ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. മേഖലയിലെ വാണിജ്യ കപ്പലുകള്‍, നാവികര്‍, സാധാരണക്കാര്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല.
അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും സുരക്ഷിതവുമായ കപ്പല്‍ ഗതാഗതവും വാണിജ്യ നീക്കങ്ങളും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു,' മന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പൗരന്മാര്‍ക്കായുള്ള തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
'പനാമ പതാകയുള്ള 'എല്‍ ഗായ' എന്ന ടാങ്കറിലുണ്ടായിരുന്ന 14 ഇന്ത്യന്‍ പൗരന്മാര്‍ക്കായുള്ള തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ എംബസി സൂക്ഷ്മമായി നിരീക്ഷിക്കുന്നു. 13 ഇന്ത്യന്‍ പൗരന്മാര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി, അവരെ സുരക്ഷിതമായി കരയിലെത്തിച്ചു. കാണാതായ ഒരു ജീവനക്കാരനായുള്ള തിരച്ചില്‍ ഒമാന്‍ അധികൃതര്‍ തുടരുകയാണ്. ഒമാന്‍ അധികൃതരുടെ നിരന്തരമായ പിന്തുണയ്ക്കും സഹായത്തിനും ഞങ്ങള്‍ നന്ദി പറയുന്നു,' എംബസി പറഞ്ഞു.
മധ്യപൂര്‍വ്വേഷ്യയില്‍, പ്രത്യേകിച്ച് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷഭരിതമായ മേഖലയായ ഹോര്‍മുസ് കടലിടുക്കില്‍, നിരവധി ഇന്ത്യന്‍ കപ്പലുകളും ഇന്ത്യക്കാര്‍ നിയന്ത്രിക്കുന്ന കപ്പലുകളും ആക്രമണത്തിനിരയായിട്ടുണ്ട്. കഴിഞ്ഞ മാസം, യെമന്‍ തീരത്ത് ചെങ്കടലില്‍ വെച്ച് ഇന്ത്യന്‍ പതാകയുള്ള 'എംഎസ്വി ഫൈസ് നൂറെ ഒലിയ' എന്ന വാണിജ്യ കപ്പല്‍ മുങ്ങിയിരുന്നു. ഇതിലുണ്ടായിരുന്ന 13 ഇന്ത്യന്‍ പൗരന്മാരെയും രക്ഷപ്പെടുത്തിയിരുന്നു.
'റിയാദിലെ നമ്മുടെ എംബസി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയും, ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യെമന്‍ അധികൃതരുമായി സജീവമായി ഏകോപനം നടത്തുകയും ചെയ്യുന്നു. യെമന്‍ അധികൃതരുടെ പിന്തുണയ്ക്ക് ഞങ്ങള്‍ നന്ദി പറയുന്നു,' എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായുള്ള ബിസിനസ് ഫോറത്തില്‍, സമുദ്രപാതകളും നാവികരും സുരക്ഷിതരായിരിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.





Click it and Unblock the Notifications
