ജമ്മു കശ്മീരിനെ ഇനി ഒമർ അബ്ദുള്ള നയിക്കും: കോണ്‍ഗ്രസ് സർക്കാറിന് പുറത്ത്, ഒന്നാണെങ്കില്‍ ഒന്നും വേണ്ടെന്ന്
ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമർ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒമർ അബ്ദുള്ളയ്ക്ക് പുറമെ അഞ്ച് നാഷണല്‍ കോണ്‍ഫറന്‍സ് എം എല്‍ എമാർ മന്ത്രിമാരായും അധികാരമേറ്റു. സക്കീന മസൂദ്, ജാവേദ് ദാർ, ജാവേദ് റാണ, സുരീന്ദർ ചൗധരി, സതീഷ് ശർമ എന്നിവരാണ് ഒമർ അബ്ദുള്ളയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തവർ. ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ എല്ലാവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉള്‍പ്പെടേയേുള്ള ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളെല്ലാം തന്നെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഡി എം കെ നേതാവ് കെ കനിമൊഴി, എൻ സി പിയുടെ സുപ്രിയ സുലെ, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് തുടങ്ങിയ പ്രമുഖ നേതാക്കളാണ് ശ്രീനഗറിലെ കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററായ ഷെർ-ഇയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത്.

മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ( പി ഡി പി) അധ്യക്ഷയുമായ മെഹബൂബ മുഫ്തിയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം, ഇത്തവണ കോൺഗ്രസ് ജമ്മു കശ്മീർ സർക്കാരിൽ ചേരില്ലെന്ന് ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജെ കെ പി സി സി) പ്രഖ്യാപിച്ചു.
ഉപമുഖ്യമന്ത്രി പദവി ഉള്‍പ്പെടെ മൂന്ന് മന്ത്രി പദവികളായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു മന്ത്രി പദവി മാത്രം എന്നതായിരുന്നു നാഷണല്‍ കോണ്‍ഫറിന്റെ നിലപാട്. ഇതോടെയാണ് സർക്കാറില്‍ ചേരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയതെന്നാണ് സൂചന. എന്നാല്‍ ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതിലുള്ള അതൃപ്തിയാണ് പാർട്ടിയുടെ തീരുമാനത്തിന് പിന്നിലെന്നാണ് ജെ കെ പി സി സി ചീഫ് താരിഖ് ഹമീദ് കർറ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ഒമർ അബ്ദുള്ള അബ്ദുള്ള സർക്കാറിനെ കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള മറ്റ് കക്ഷികള്‍ പുറത്ത് നിന്ന് പിന്തുണയ്ക്കും. തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ചപ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സ് 42 സീറ്റിലും കോണ്‍ഗ്രസ് 6 സീറ്റിലുമായിരുന്നു വിജയിച്ചത്. സഖ്യത്തിലെ മറ്റൊരു കക്ഷിയായ സി പി എം മത്സരിച്ച ഏക സീറ്റിലും വിജയിച്ചു. തിരഞ്ഞെടുപ്പിന് പിന്നാലെ എ എ പിയുടെ ഒരു അംഗവും നാല് സ്വതന്ത്രരും നാഷണല്‍ കോണ്‍ഫറന്‍സ് സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications