'ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണം'; ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ പ്രമേയം
ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണം എന്ന് ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍. ഇത് സംബന്ധിച്ച പ്രമേയം മന്ത്രിസഭാ യോഗത്തില്‍ പാസാക്കി. ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് പ്രമേയം പാസാക്കിയതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരി, മന്ത്രിമാരായ സക്കീന മസൂദ് ഇറ്റൂ, ജാവേദ് അഹമ്മദ് റാണ, ജാവൈദ് അഹമ്മദ് ദാര്‍, സതീഷ് ശര്‍മ എന്നിവര്‍ പങ്കെടുത്തു. ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തിന്റെ കരട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറാന്‍ മുഖ്യമന്ത്രി രണ്ട് ദിവസത്തിനുള്ളില്‍ ന്യൂഡല്‍ഹിയിലേക്ക് പോകുമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍ സര്‍ക്കാരിന്റെ പ്രമേയത്തെ വിമര്‍ശിച്ച് പിഡിപി രംഗത്തെത്തി. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ അംഗീകരിക്കുന്നതാണ് സര്‍ക്കാരിന്റെ പ്രമേയമെന്ന് പിഡിപി വക്താവ് വഹീദ് പാരാ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 നെ കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശമില്ല എന്നും വഹീദ് ചൂണ്ടിക്കാട്ടി. ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കും എന്ന് പറഞ്ഞ് വോട്ട് തേടിയവരാണ് എന്‍സി-കോണ്‍ഗ്രസ് സഖ്യം എന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രകടന പത്രികയില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആര്‍ട്ടിക്കിള്‍ 370 ഉം 35 എയും പുനഃസ്ഥാപിക്കുന്നതിനുള്ള പോരാട്ടം തുടരുമെന്ന് പറഞ്ഞിരുന്നു. ഈ വിഷയങ്ങളില്‍ നിശബ്ദത പാലിക്കില്ല എന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊണ്ടാണ് പി ഡി പിയുടെ വിമര്‍ശനം. എന്നാല്‍ സര്‍ക്കാര്‍ പ്രമേയത്തെ മുന്‍ മുഖ്യമമന്ത്രിയും പാര്‍ട്ടി മേധാവിയുമായ ഫാറൂഖ് അബ്ദുള്ള സ്വാഗതം ചെയ്തു.
'കേന്ദ്ര സര്‍ക്കാര്‍ സ്വമേധയാ സംസ്ഥാന പദവി പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഞങ്ങള്‍ കോടതിയിലൂടെ നീതി നടപ്പാക്കും. സംസ്ഥാന പദവി ലഭിക്കുന്നതോടെ ജമ്മു കശ്മീര്‍ സര്‍ക്കാരിന് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ആവശ്യമായ അധികാരമുണ്ടാകും,' അദ്ദേഹം പറഞ്ഞു. 2019 ആഗസ്റ്റ് അഞ്ചിനാണ് ആര്‍ട്ടിക്കിള്‍ 370 ഉം 35 എയും റദ്ദാക്കി ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത്.
അതിനിടെ സര്‍ക്കാര്‍ പ്രമേയം തള്ളി ബിജെപിയും രംഗത്തെത്തി. മുഖ്യമന്ത്രി പൊളിറ്റിക്കല്‍ സ്റ്റണ്ട് കളിക്കുകയാണെന്ന് ബിജെപി വക്താവ് സുനില്‍ സേത്തി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 ല്‍ ഒമര്‍ അബ്ദുള്ള യൂ ടേണ്‍ എടുത്തിരിക്കുകയാണ്. ഉചിതമായ സമയത്ത് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്നും സുനില്‍ സേത്തി കൂട്ടിച്ചേര്‍ത്തു.
അതേസമയം ജമ്മു കശ്മീരിന് സംസ്ഥാന പദവി സമയബന്ധിതമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിനോട് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications