ദില്ലിയിലെ കൊവിഡ് വ്യാപനത്തിന് പിന്നിൽ ഒമൈക്രോൺ ബിഎ.2.12? ആശങ്ക
ദില്ലി; ദില്ലിയിൽ കൊവിഡ് കേസുകൾ ഉയരാൻ കാരണം ഒമൈക്രോൺ ഉപവകഭേദമായ ബിഎ.2.12 ആണെന്ന് സൂചന. ഏപ്രിലിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ ദില്ലിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ഭൂരിഭാഗത്തിലും ഒമൈക്രോൺ ബിഎ.2.12 ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ചില സാമ്പിളുകളിൽ ബിഎ.2.12.1 വകഭേദവും കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. യുഎസിൽ അടുത്തിടെ കൊവിഡ് കേസുകൾ വർധിക്കാൻ കാരണം ഈ ഉപവകഭേദമായിരുന്നു.

പുതിയ ഉപ-വകഭേദങ്ങളായ ബിഎ.2.12 52 ശതമാനം സാമ്പിളുകളിലും ബിഎ 2.10 11 ശതമാനം സാമ്പിളുകളിലും കണ്ടെത്തിയിട്ടുണ്ടെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്. അയൽ സംസ്ഥാനങ്ങളായ ഹരിയാനയിലേയും ഉത്തർപ്രദേശിലേയും അതിർത്തി ജില്ലകളിലും ഈ വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ബിഎ. 2 ഉപവകഭേദത്തേക്കാൾ ആഴ്ചയിൽ 30 മുതൽ 90 ശതമാനം വരെ വേഗത്തിൽ ബിഎ .2.12 വ്യാപിച്ചേക്കാമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
ഒമൈക്രോണിന്റെ പ്രത്യുൽപാദന സംഖ്യ 10 ആണ്. അതുകൊണ്ട് തന്നെ ഇത് വളരെ വേഗത്തിൽ വ്യാപിക്കും. അതിനാൽ ഉപവകഭേദങ്ങളും വേഗത്തിൽ വ്യാപിച്ചേക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ഈ സാഹര്യത്തിൽ മാസ്കുകൾ ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും വിട്ടുവീഴ്ച പാടില്ലെന്നും വിദഗ്ദർ പറയുന്നു.
വ്യാഴാഴ്ച ദില്ലിയിൽ 965 കേസുകളാണ് സ്ഥിരീകരിച്ചത്. 4.71 ശതമാനം ആണ് പ്രതിദിന കൊവിഡ് സ്ഥിരീകരണ നിരക്ക്.അതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,451 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. തുടർച്ചയായ നാലാം ദിവസമാണ് കേസുകളുടെ എണ്ണത്തിലെ വർധനവ്. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14,241 ആയി. ഇത് ആകെ രോഗബാധിതരുടെ 0.03 ശതമാനമാണ്. 54 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ1,589 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,16,068 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.75 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 4,48,939 പരിശോധനകൾ നടത്തി. 83.38 കോടിയിൽ അധികം (83,29,27,938) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.47 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.55 ശതമാനമാണ്. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 187.26 കോടി കടന്നു. 2,29,29,662 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. ഇതുവരെ 2.57 കോടിയിൽ കൂടുതൽ (2,57,74,412) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു. 12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് മാർച്ച് 16 മുതലായിരുന്നു രാജ്യത്ത് ആരംഭിച്ചത്. 18 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്ക് കോവിഡ്-19 മുൻകരുതൽ ഡോസ് ഏപ്രിൽ 10 മുതൽ ആരംഭിച്ചിരുന്നു. ഇതുവരെ 2,71,983 മുൻകരുതൽ ഡോസുകളാണ് നൽകിയതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
Recommended Video
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 192.40 കോടിയിൽ അധികം (1,92,40,45,605) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 20.10 കോടിയിൽ അധികം (20,10,82,885) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും സർക്കാർ വ്യക്തമാക്കി.












Click it and Unblock the Notifications