ഒമൈക്രോണിന് അതിജീവന ശേഷി കൂടുതല്‍: പ്ലാസ്റ്റിക്കില്‍ 8 ദിവസം വരെ അതിജീവിക്കാമെന്ന് പഠനം
ദില്ലി: കോവിഡിന്റെ ഒമൈക്രോണ്‍ വകഭേദത്തിന് പ്ലാസ്റ്റില്‍ 7 ദിവസവും ചർമ്മത്തില്‍ 21 മണിക്കൂറും അതിജീവിക്കാന്‍ കഴിയുമെന്ന് പുതിയ പഠനം. ബീറ്റ, ഗാമ, ഡെൽറ്റ, ആല്‍ഫ തുടങ്ങിയ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമൈക്രോണിന് അതിജീവന ശേഷി വളരെ കൂടുതലാണെന്ന് വ്യകതമാക്കുന്നതാണ് പുതിയ പഠനം. കോവിഡിന്റെ എല്ലാ വകഭേദങ്ങളും തമ്മിലുള്ള വൈറൽ പാരിസ്ഥിതിക സ്ഥിരതയിലെ വ്യത്യാസങ്ങൾ വിശകലനം ചെയ്തതാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്. അതേസമയം പ്രീ-പ്രിൻറിൽ പോസ്റ്റ് ചെയ്ത പഠനം ഇതുവരെ അവലോകന വിധേയമാക്കിയിട്ടില്ല.

പ്ലാസ്റ്റിക്, ത്വക്ക് പ്രതലങ്ങളിൽ, ആൽഫ, ബീറ്റ, ഡെൽറ്റ, ഒമൈക്രോൺ വേരിയന്റുകൾ വുഹാൻ സ്‌ട്രെയിനേക്കാൾ രണ്ടിരട്ടിയിലധികം സമയം അതിജീവന സമയം കാണിക്കുകയും ചർമ്മ പ്രതലങ്ങളിൽ 16 മണിക്കൂറിലധികം അണുബാധ നിലനിർത്തുകയും ചെയ്യുന്നുവെന്നുമാണ് കണ്ടെത്തല്‍. എന്നാല്‍ ശവശരീരങ്ങളിൽ നിന്നുള്ള സ്കിൻ മോഡലിൽ ഒമൈക്രോൺ 21.1 മണിക്കൂർ അതിജീവിച്ചു. വുഹാൻ വൈറസ് (8.6 മണിക്കൂർ), ഗാമ (11 മണിക്കൂർ), ഡെൽറ്റ (16.8 മണിക്കൂർ) വേരിയന്റുകൾ എന്നിങ്ങനെയാണ് ഈ ഘടകത്തിലെ അതിജീവന ശേഷി. ആൽഫയുടെയും (19.6 മണിക്കൂർ) ബീറ്റയുടെയും (19.1 മണിക്കൂർ) അതിജീവനം സമാനമാണ്.
മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഉയർന്ന അതീജിവന ക്ഷമതയാണ് ഒമൈക്രോണ്‍ വകഭേദം കാണിക്കുന്നതെന്നാണ് പഠനം ചൂണ്ടിക്കാണിച്ച് ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറൽ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകർ പറയുന്നത്. ഒമിക്രോണിന് 193.5 മണിക്കൂർ (ഏകദേശം 8 ദിവസം) പ്ലാസ്റ്റിക് (പോളിസ്റ്റൈറൈൻ) പ്രതലത്തിൽ അതിജീവിക്കാൻ കഴിയുമെന്നും പഠനം പറയുന്നു. യഥാർത്ഥ സ്‌ട്രെയിനിന്റെ മൂന്നിരട്ടിയും (56 മണിക്കൂർ), ഗാമ, ഡെല്റ്റ വേരിയന്റിനേക്കാള്‍ കൂടുതലാണിത്. 191.3 മണിക്കൂറുള്ള ആൽഫ വേരിയന്റ് മാത്രമാണ് സമാനമായ പ്രതിരോധം കാണിക്കുന്നത്.
ഒമിക്രോണിന്റെ ഈ അതിജീവന ദൈർഘ്യമാണ് രോഗവ്യാപനം വർധിപ്പിക്കുന്നതിന് ഇടയാക്കുന്നത്. ആൽഫ, ബീറ്റ, ഡെൽറ്റ, ഒമൈക്രോൺ വേരിയന്റുകളിൽ എത്തനോൾ പ്രതിരോധത്തിൽ നേരിയ വർധനയുണ്ടായിട്ടുണ്ടെങ്കിലും, ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിറ്റൈസറുമായി സമ്പർക്കം പുലർത്തി 15 സെക്കൻഡിനുള്ളിൽ ചർമ്മത്തിന്റെ ഉപരിതലത്തിലുള്ള വുഹാന്‍ സ്ട്രൈയിന്റെ എല്ലാ കണങ്ങളും പൂർണ്ണമായും പ്രവർത്തനരഹിതമായതായും പഠനം വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച പ്രകാരം കൈ ശുചിത്വ രീതികളും ഉചിതമായ ആൽക്കഹോൾ സാന്ദ്രതയുള്ള അണുനാശിനികളുടെ ഉപയോഗത്തിന്റെ പ്രാധാന്യം ഗവേഷകരും ആവർത്തിക്കുന്നത്.












Click it and Unblock the Notifications