അനുഭവം പാഠമാക്കണം: കൊവിഡ് കുതിച്ച് ചാട്ടത്തില്‍ ശ്രദ്ധവേണമെന്ന് വെങ്കയ്യ നായിഡു
ദില്ലി: രാജ്യത്തെ കോവിഡ് കേസുകളിലെ പുതിയ കുതിച്ചുചാട്ടം കൈകാര്യം ചെയ്യുന്നതിൽ അടിയന്തര ശ്രദ്ധ വേണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കൊവിഡ് കേസുകളുടെ പുതിയ കുതിച്ചുചാട്ടത്തെ നേരിടാനും ഭൂതകാലത്തിൽ നിന്നുള്ള പാഠങ്ങൾ പ്രയോഗിക്കാനും അടിയന്തര ശ്രദ്ധ വേണമെന്നാണ് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടത്. മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, വാക്സിനേഷൻ എടുക്കുക എന്നിവ ഉൾപ്പെടെ എല്ലാ സമയത്തും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിക്കുകകുയം ചെയ്തു.
പുതുതായി വാക്‌സിൻ എടുക്കാൻ അർഹരായ പ്രായത്തിലുള്ള കുട്ടികൾക്ക് എത്രയും വേഗം വാക്സിനേഷൻ എടുക്കണം. ഇതിനായി രക്ഷിതാക്കള്‍ അവരെ പ്രോല്‍സാഹിപ്പിക്കണം. പൊതുബോധമുള്ള വ്യക്തികളോടും, വിവിധ സാമൂഹിക സംഘങ്ങളോടും, മെഡിക്കൽ പ്രൊഫഷണലുകളോടും സർക്കാരിനോടും കഴിയുന്നത്ര ആളുകളിലേക്ക് എത്തിച്ചേരാനും വാക്സിൻ എടുക്കാനുള്ള മടിയിൽ നിന്നും അത്തരം ആളുകളെ മുക്തരാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (എ എ പി ഐ) സംഘടിപ്പിച്ച 15-ാമത് ഗ്ലോബൽ ഹെൽത്ത് സമ്മിറ്റിനുള്ള റെക്കോർഡ് ചെയ്ത ഉദ്ഘാടന സന്ദേശത്തിൽ സംസാരിക്കവെ, അടുത്തിടെ അംഗീകരിച്ച കോർബെവാക്‌സ്, കോവോവാക്‌സ് വാക്‌സിനുകൾ നിർമ്മിക്കുന്നതിന് ഇന്ത്യൻ സ്ഥാപനങ്ങൾ യുഎസ് ആസ്ഥാനമായുള്ള വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചതായി ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി
ഗ്രാമങ്ങളിലേക്കും വിദൂര പ്രദേശങ്ങളിലേക്കും ആരോഗ്യ സേവനങ്ങൾ മികച്ച രീതിയിൽ എത്തിച്ചേരുന്നതിന് ടെലി ഹെൽത്തിന്റെയും മറ്റ് സാങ്കേതിക പരിഹാരങ്ങളുടെയും ഉപയോഗം സംബന്ധിച്ച സാധ്യതകൾ പരിശോധിക്കാനും ശ്രീ നായിഡു നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ, ഇന്ത്യയിലെ നിരവധി ഹെൽത്ത്-ടെക് സ്റ്റാർട്ടപ്പുകളുടെ സ്വാഗതാർഹമായ പ്രവണത അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ഗ്രാമപ്രദേശങ്ങളിൽ അവരുടെ ആരോഗ്യ സംരക്ഷണ സേവനങ്ങൾ വർദ്ധിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ 96 ലക്ഷത്തിലധികം (96,43,238) ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 147.72 കോടി (147,72,08,846) കടന്നു. 1,58,21,510 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,389 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,43,21,803. ആയി. ദേശീയ രോഗമുക്തി നിരക്ക് 98.01% ആണ്.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 58,097 പേർക്കാണ്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 2,14,004.പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.61 ശതമാനമാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,88,647 പരിശോധനകൾ നടത്തി. ആകെ 68.38 കോടിയിലേറെ (68,38,17,242) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.60 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.18 ശതമാനമാണെന്നും ദോശീയ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 153.61 കോടിയിലധികം (1,53,61,99,605) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 19.10 കോടിയിൽ അധികം (19,10,08,096) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്. എല്ലാവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21-നാണ് തുടക്കമായത്.












Click it and Unblock the Notifications