വ്യാപിക്കുന്നത് ഒമിക്രോൺ ഉപവകഭേദം; ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടില്ലെന്നും മാണ്ഡവ്യ
രാജ്യത്ത് കൊവിഡ് വ്യാപനത്തിന് കാരണം ഒമിക്രോൺ ഉപവകഭേദമാണെന്നും എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. എന്നിരുന്നാലും ജാഗ്രത കൈവിടരുതെന്നും മന്ത്രി പറഞ്ഞു.
" നമ്മൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. പക്ഷേ ആശങ്കപ്പെടേണ്ടതില്ല. നിലവിൽ, രാജ്യത്ത് പ്രചരിക്കുന്ന ഒമിക്‌റോണിന്റെ ഉപ വകഭേദമാണ്. അപ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടില്ല', മന്ത്രി പറഞ്ഞു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 3,641 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 6.12 ശതമാനമാണ്. പ്രതിവാര സ്ഥിരീകരണ നിരക്ക് 2.45 ശതമാനവും.

11 മരണം കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ മൂന്ന് പേർ, ദില്ലി, കേരളം, കർണാടക, രാജസ്ഥാൻ എന്നീ സ്ഥാനങ്ങളിൽ ഒരാൾ വീതവുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,892 ആയി. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവിൽ 20,219 ആണ്.
സജീവ കേസുകൾ 0.05 ശതമാനം ആണ്.
രോഗമുക്തി നിരക്ക് നിലവിൽ 98.76 ശതമാനവും. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,800 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ രോഗമുക്തി നേടിയവർ ഇതോടെ 4,41,75,135
ആയി വർധിച്ചു.
അതേസമയം കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് പരിശോധന വർധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾ ആർടി-പിസിആർ പരിശോധനയടക്കം കർശനമാക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,43,364 പരിശോധനകൾ നടത്തിയതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇതുവരെ നടത്തിയ മൊത്തം പരിശോധനകൾ 92.18 കോടി ആയി.
രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൻ കീഴിൽ ഇതുവരെ 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 686 ഡോസുകൾ നൽകിയതായും കേന്ദ്രസർക്കാർ അറിയിച്ചു.












Click it and Unblock the Notifications