ഒമിക്രോൺ; ലോകത്തെ ആദ്യ മരണം യുകെയിൽ സ്ഥിരീകരിച്ചു
ലണ്ടൻ; ആശങ്കയ്ക്കിടെ ലോകത്ത് ആദ്യമായി ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. യുകെയിൽ നിന്നുള്ള രോഗിയാണ് മരണപ്പെട്ടത്. പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം രോഗിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പുതിയ ഒമിക്രോൺ വകഭേദം ലണ്ടനിൽ വ്യാപിക്കുന്നതിനിടെയാണ് ആശങ്കയേറ്റി മരണം സ്ഥിരീകരിച്ചിരിക്കുന്നത്.
ഒമിക്രോണ്‍ ബാധിച്ച് നിരവധി പേര്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. അതില്‍ ഒരാള്‍ മരണപ്പെട്ടു, ബോറിസ് ജോൺസൺ പറഞ്ഞു. തലസ്ഥാനത്ത് ഏകദേശം 40 ശതമാനം കേസുകളും ഒമൈക്രോൺ ആണെന്നും രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

വരാനിരിക്കുന്ന ആഴ്ചകളിൽ ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണം കുറയ്ക്കാൻ അടിയന്തര നടപടികൾ ആവശ്യമാണ്. ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണം. എല്ലാ മുതിര്‍ന്ന പൌരന്മാര്‍ക്കും ഡിസംബർ മാസം അവസാനത്തോടെ ബൂസ്റ്റർ ഡോസുകള്‍ നല്‍കുമെന്നും അദ്ദേഹം ബോറിസ് ജോൺസൺ വ്യക്തമാക്കി.
അതേസമയം ഇന്ത്യയിൽ ഇതുവരെ 38 പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കേരളത്തിലും വകഭേദം സ്ഥിരീകരിച്ചിരുന്നു. ഒമിക്രോൺ സ്ഥിരീകരിച്ച രോഗിയുമായി ബന്ധപ്പെട്ട 36 പേരും ഐസൊലേഷനിലാണ്.ഒമിക്രോൺ പശ്ചാത്തലത്തിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് കണ്ടെത്താനും അവിടങ്ങളിൽ ജനിതക സീക്വൻസിംഗ് വർദ്ധിപ്പിക്കാനും നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് 97 ശതമാനം പേർ ആദ്യ ഡോസ് വാക്സിനും 70 ശതമാനം പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 70 ലക്ഷം പേർക്ക് രണ്ടാം ഡോസ് നൽകാനുണ്ട്. അത് എത്രയും വേഗം പൂർത്തീകരിക്കാൻ ആരോഗ്യ വകുപ്പിനോട് നിർദ്ദേശിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
സാര്‍സ് കൊറോണ വൈറസ് - 2ന്റെ പുതിയ വകഭേദമാണ് ഒമിക്രോണ്‍ അഥവാ ബി. 1. 1. 529. കഴിഞ്ഞ നവംബര്‍ 22ന് ദക്ഷിണ ആഫ്രിക്കയിലാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വകഭേദത്തിന് 30 തവണയില്‍ കൂടുതല്‍ പ്രോട്ടീന്‍ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. കൂടുതലായുള്ള പകര്‍ച്ചാശേഷി, പ്രതിരോധ ശക്തിയെ തകര്‍ക്കാനുള്ള കഴിവ്, ദക്ഷിണാഫ്രിക്കയില്‍ കേസുകളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ദ്ധനവ് ഇവ പരിഗണിച്ചാണ് ലോകാരോഗ്യസംഘടന ഇതിനെ വേരിയന്റ് ഓഫ് കണ്‍സേണ്‍ ആയി പ്രഖ്യാപിച്ചത്.ഒമിക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ വേഗത്തിൽ ആളുകളിലേക്ക് പടരുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. എന്നാൽ മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ രോഗലക്ഷണങ്ങൾ കുറവാണെന്നും ഡബ്ല്യു എച്ച് ഒ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications