ട്രാഫിക് പോലീസുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ വിലക്ക്
പനാജി: റോഡില്‍ വാഹനങ്ങള്‍ നിയന്ത്രിച്ച് ഗതാഗതം സുഗമമാക്കേണ്ട ട്രാഫിക് പോലീസുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടെന്ന് ഗോവ പോലീസ് മേധാവി ഉത്തരവിട്ടു. പുതുതായി ചുമതലയേറ്റ ഐജി സുനില്‍ ഗാര്‍ഗ് ആണ് പുതിയ ഉത്തരവിന് പിന്നില്‍. ഇതുസംബന്ധിച്ച് ജനങ്ങളില്‍ നിന്നും വ്യാപകമായ പരാതി ലഭിച്ചതായി പനാജി
സന്ദര്‍ശിക്കവെ ഐജി പറഞ്ഞു.
ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ ഡ്യൂട്ടി സമയത്ത് മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും മെസേജുകള്‍ അയക്കുകയും ഇന്റര്‍നെറ്റ് ബ്രൗസിംഗ് നടത്തുകയും ചെയ്യുന്നതായുള്ള പരാതികളാണ് ലഭിച്ചതെന്ന് സുനില്‍ ഗാര്‍ഗ് വ്യക്തമാക്കി. ഇത്തരം പരാതികള്‍ ഉയര്‍ന്നതിനാലാണ് പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ കൈയ്യില്‍ കരുതുന്നതിന് വിലക്കൊന്നുമില്ലെന്ന് അദ്ദേഹം അറിയിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പോലീസുകാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സമയം ചിലവഴിക്കുകയല്ല, ജനങ്ങളെ സേവിക്കുകയാണ് വേണ്ടെന്ന് സുനില്‍ ഗാര്‍ഗ് പറയുന്നു.
ഇതാദ്യമായല്ല ഗോവയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ചര്‍ച്ചയാകുന്നത്. നിയമസഭ നടക്കുന്ന വേളയില്‍ ജനപ്രതിനിധികള്‍ മൊബൈല്‍ ഫോണില്‍ സല്ലാപം നടത്തുന്നതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന്
നിയമസഭയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications