ടെസ്റ്റ് ഡ്രൈവിനിടെ ഹോണ്ടാ സിറ്റി കാറുമായി യുവാവ് കടന്നുകളഞ്ഞു
ഗുഡ്ഗാവ്: ടെസ്റ്റ് ഡ്രൈവിനായി എടുത്ത ഹോണ്ടാസിറ്റി കാറുമായി യുവാവ് കടന്നുകളഞ്ഞു. ഹരിയാണയിലെ ഗുഡ്ഗാവിലെ സുശാന്ത് ലോക് ഏരിയയിലാണ് സംഭവം. ഡയറക്ട് കാര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ഉപയോഗിച്ച കാര്‍ വാങ്ങാനെന്ന വ്യാജേനയാണ് യുവാവ് എത്തിയതെന്ന് സ്ഥാപന ഉടമ വീനു മാധവ് പറഞ്ഞു.
വെളുത്ത ഒരു കാര്‍ ഇഷ്ടമായതോടെ ടെസ്റ്റ് ഡ്രൈവിനായി ആവശ്യപ്പെടുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരന്‍ സൗമ്യയെ കൂടെക്കയറ്റി ടെസ്റ്റ് ഡ്രൈവ് നല്‍കുകയും ചെയ്തു. കാര്‍ ദേവിന്ദര്‍ വിഹാര്‍ സൊസൈറ്റി സെക്ടറിലെത്തിയപ്പോള്‍ സൗമ്യയോട് ഒന്ന് ഇറങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടശേഷം അതിവേഗത്തില്‍ ഓടിച്ച് അപ്രത്യക്ഷനാവുകയുമായിരുന്നു.

മാധ്യവന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. സമീപത്തുള്ള സിസിടിവിയില്‍ നിന്നും യുവാവിന്റെ ദൃശ്യം കണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്നും പോലീസ് വ്യക്തമാക്കി. ഇതാദ്യമായല്ല സമാന രീതിയില്‍ പ്രദേശത്തുനിന്നും കാര്‍ തട്ടിയെടുക്കുന്നത്.
ജൂണ്‍ 30 റിവാരിയിലുള്ള ഒരാള്‍ക്ക് തന്റെ മാരുതി സ്വിഫ്റ്റ് കാര്‍ നഷ്ടപ്പെട്ടിരുന്നു. കാര്‍ വില്‍ക്കാനുണ്ടെന്ന് പരസ്യം കണ്ട് എത്തിയ ഒരാള്‍ ടെസ്റ്റ് ഡ്രൈവിനായി ആവശ്യപ്പെട്ടശേഷം തിരിച്ചുവരാതിരിക്കുകയായിരുന്നു. റിവാരിയിലെ തിതാപുര്‍ സ്വദേശി രജനീഷിനാണ് കാര്‍ നഷ്ടപ്പെട്ടത്. ടെസ്റ്റ് ഡ്രൈവിനായി നല്‍കുമ്പോള്‍ രജനീഷ് കാറില്‍ കൂടെ കയറിയിരുന്നില്ല.












Click it and Unblock the Notifications