പഠിക്കാനുള്ള അവകാശത്തിനായി തെരുവിൽ; 'ജെൻ ആൽഫ'കളുടെ പ്രതിഷേധത്തിന് പിന്തുണ ഏറുന്നു
സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൌകര്യങ്ങളിലെ അപര്യാപ്തതയും അധ്യാപകരുടെ ക്ഷാമവുമെല്ലാം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഡൽഹിയിൽ ഉയർന്ന വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്നാലെയാണ് ' അധികാരികളെ മുൾമുനയിൽ നിർത്തിയുള്ള 'ജെൻ ആൽഫ'കളുടെ പ്രതിഷേധവും ശക്തമാകുന്നത്.
ഓഗസ്റ്റ് 21 നായിരുന്നു യുപിയിലെ ഹമിർപുർ ജില്ലയിലെ ചന്ദ്പൂർ ഗ്രാമത്തിലുള്ള 200 ഓളം വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ജില്ലാ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയത്. സ്കൂളിലേക്ക് പോകാൻ മികച്ചൊരു റോഡ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം. ദേശീയപതാകയും ഏന്തി ഏകദേശം 5 കിലോമീറ്ററോളമാണ് വിദ്യാർത്ഥികൾ നടന്നത്. പ്രതിഷേധക്കാർ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തുന്നത് തടയാൻ പോലീസ് ശ്രമിച്ചെങ്കിലും കുട്ടികൾ ഗേറ്റിന് പുറത്ത് തന്നെ നിലയുറപ്പിക്കുകയായിരുന്നു. റോഡിൽ കോണ്‍ക്രീറ്റ് പണികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയപ്പോൾ മാത്രമാണ് വിദ്യാർത്ഥികൾ പിരിഞ്ഞ് പോകാൻ തയ്യാറായത്.

ഉത്തർപ്രദേശിലെ ഫത്തേപൂരിലുള്ള സർവോദയ ഇന്റർ കോളേജിൽ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. പ്രതിഷേധം കടുത്തതോടെ ആവശ്യങ്ങളിൽ ഉടൻ പരിഹാരം കാണുമെന്ന് അധികൃതർ ഉറപ്പ് നൽകി.
അധ്യാപകരുടെ ക്ഷാമത്തിൽ പരിഹാരം തേടിയാണ് ലഖ്നൌവിലെ ജയ് പ്രകാശ് നാരായൺ സർവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ബുദ്ധേശ്വർ ക്രോസിംഗിൽ റോഡ് ഉപരോധിച്ചത്. ചണ്ഡീഗഡിലും നടന്നു വലിയ പ്രതിഷേധം. മൂകരും ബധിരരുമായ സ്കൂൾ വിദ്യാർത്ഥികളായിരുന്നു തെരുവിലിറങ്ങിയത്. മികച്ച അധ്യാപകരെ നിയമിക്കാനും അടിസ്ഥാന സൌകര്യങ്ങൾ മെച്ചപ്പെടുത്താനും ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാനുമൊക്കെ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വിദ്യാർത്ഥികൾ സംഘടിച്ചത്. ഉത്തരേന്ത്യയിൽ മാത്രമല്ല ദക്ഷിണേന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. തമിഴ്നാട്ടിലും സമാനമായ പ്രതിഷേധങ്ങൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അരങ്ങേറി.
പൊതുവിദ്യാഭ്യാസ മേഖലയിൽ സംഭവിക്കുന്നത്
കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടെ രാജ്യത്ത് ഏകദേശം 94,000 സർക്കാർ സ്‌കൂളുകൾക്ക് പൂട്ടുവീണുവെന്നാണ് നീതി ആയോഗിൻ്റെ കണക്കുകൾ പറയുന്നത്. സർക്കാർ സ്കളുകളിലെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വലിയ ഇടിവാണ് സംഭവിച്ചത്. 2005 ലെ 71 ശതമാനം പേർ സർക്കാർ സ്കൂളുകളെ ആശ്രയിച്ചപ്പോൾ 2024-25 കാലയളവിൽ 49.24 ശതമാനമായി ഇത് കുറഞ്ഞു. സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഏക ആശ്രയമായ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിൽ ഭരണകുടങ്ങളുടെ ഭാഗത്തുണ്ടാകുന്ന കടുത്ത അനാസ്ഥയിലേക്കും സംവിധാനങ്ങളുടെ പരാജയത്തിലേക്കുമാണ് ഈ കണക്കുകൾ വിരൽചൂണ്ടുന്നത്.
തോറ്റുകൊടുക്കാത്ത നിശ്ചയദാഢ്യം
സ്കൂളുകളിലെ ശോച്യാവസ്ഥ വിവരിച്ചുകൊണ്ട് സോഷ്യൽ മീഡിയകളിലൂടെ വീഡിയോകൾ പങ്കുവെച്ച് കൊണ്ടും വിദ്യാർത്ഥികൾ അധികൃതരെ കൊണ്ട് നടപടിയെടുപ്പിക്കുന്നുണ്ട്. ഇങ്ങനെയുള്ള പ്രതിഷേധങ്ങൾക്ക് പിന്തുണ ഏറുകയാണ്. കോക്രോച്ച് ജനത പാർട്ടിയും വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുണ്ട്. സ്കൂൾ ഠീക് കരോ എന്ന പേരിൽ പ്രത്യേക ക്യാമ്പെയ്നും സിജെപി ആരംഭിച്ചിട്ടുണ്ട്.
അവകാശങ്ങൾക്ക് വേണ്ടി പോരാടാനുള്ള വിദ്യാർത്ഥികളുടെ നിശ്ചയദാർഢ്യം നൽകുന്ന പ്രതീക്ഷ ചെറുതല്ല. അതേസമയം ഇത്രയും ചെറുപ്രായത്തിൽ സ്വന്തം അവകാശങ്ങൾക്ക് വേണ്ടി വിദ്യാർത്ഥികൾക്ക് തെരുവിലിറങ്ങേണ്ടി വരുന്നുവെന്നത് ഒരു ജനാധിപത്യരാജ്യത്തെ സംബന്ധിച്ച് ഭൂഷണമല്ല. ഭരണഘടന ഉറപ്പുനൽകുന്ന വിദ്യാഭ്യാസത്തിനുള്ള അവകാശം ഓരോ കുട്ടിക്കും ഉറപ്പാക്കാനുള്ള ബാധ്യതയും ഉത്തരവാദിത്തവും സർക്കാരുകൾക്കുണ്ട്.


Click it and Unblock the Notifications