ദില്ലി മലയാളിയുടെ കൊല; ഒരാള്‍ അറസ്റ്റില്‍
ദില്ലി: ദില്ലിയില്‍ മലയാളി യുവാവ് ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സണ്ണി സൈമണ്‍ എന്ന ക്രിമിനലാണ് അറസ്റ്റിലായത്. ഇയാള്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷം ഉത്തര്‍ പ്രദേശിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇയാള്‍ അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
ദില്ലിയിലെ കൊണാട്ട് പ്ലേസില്‍ ശങ്കര്‍ മാര്‍ക്കറ്റില്‍ കൊറിയര്‍ സ്ഥാപനം നടത്തിവരികയായിരുന്ന കോട്ടയം സ്വദേശി ബിജു വര്‍ഗീസ് ആണ് കഴിഞ്ഞദിവസം രാത്രി കൊല്ലപ്പെട്ടത്. സ്ഥാപനത്തില്‍ നിന്നും ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയപ്പോള്‍ ഒരുസംഘം ആള്‍ക്കാര്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സമീപമുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്തിരിഞ്ഞില്ല. ബിജുവിനെ പിന്നീട് റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ഥാപനത്തിലെ രണ്ടു ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടാണ് ബിജുവിന് നേരെയുണ്ടായ അക്രമമെന്നാണ് കരുതുന്നത്.
മൂന്നുപേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി ദില്ലിയില്‍ മുഴുവന്‍ തിരച്ചില്‍ നടത്തുകയാണ്. ഇവര്‍ സംസ്ഥാനം വിട്ടുപോകാതിരിക്കാനുള്ള മുന്‍കരുതലെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. വര്‍ഷങ്ങളായി ദില്ലിയില്‍ ജോലി ചെയ്തുവരുന്ന ബിജു മയൂര്‍വിഹാറിലാണ് താമസം.












Click it and Unblock the Notifications