ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും
ഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബില്ലുകൾ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. 129-ാം ഭരണഘടന ഭേദഗതി ബിൽ കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാൾ ആണ് അവതരിപ്പിക്കുക. തുടർന്ന് ബിൽ ഇരുസഭകളിലേയും അംഗങ്ങൾ അടങ്ങുന്ന പാർലമെന്ററി സമിതിക്ക് അയക്കും.
ലോക്സഭ സ്പീക്കറായിരിക്കും ബിൽ പരിശോധിക്കാനുളള പാർലമെന്ററി സമിതിയെ നിയോഗിക്കുക. വിവിധ പാർട്ടികൾ ഇന്ന് പ്രതിനിധികളെ നിർദേശിക്കണം. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ബി ജെ പിക്കായിരിക്കും അധ്യക്ഷ പദവി ലഭിക്കുക. കൂടുതൽ അംഗങ്ങളും ബി ജെ പിയിൽ നിന്നുള്ളവരായിരിക്കും. 90 ദിവസമായിരിക്കും സമിതിയുടെ കാലാവധി. അതേസമയം ബിൽ അവതരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ എല്ലാ എംപിമാരോടും സഭയിൽ ഹാജരാകണമെന്ന് ബി ജെ പി നിർദേശിച്ചിട്ടുണ്ട്.

2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയത് മുതൽ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന നിർദേശം മുന്നോട്ട് വെച്ചിരുന്നു. ഇക്കഴിഞ്ഞ മാർച്ചിലാണ് മുൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി അനുകൂല റിപ്പോർട്ട് നൽകിയത്.
ആദ്യഘട്ടത്തിൽ ലോക്സഭ-നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനാണ് നേരത്തേ രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി നിർദേശിച്ചത്. അതുകഴിഞ്ഞ് 100 ദിവസത്തിനുള്ള തദ്ദേശതിരഞ്ഞെടുപ്പുകൾ നടത്താമെന്നും സമിതി നിർദേശത്തിൽ പറയുന്നു. 2024 ലോക്സഭ-നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനാണ് ആലോചിക്കുന്നത്. അതായത് 2031 ൽ തിരഞ്ഞെടുക്കപ്പെട്ട നിയമസഭകൾ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പിരിച്ചുവിടും.
ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്തെ അനാവശ്യ സാമ്പത്തിക ചെലവുകൾ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് ബി ജെ പി വാദം. അതേസമയം ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുമെന്നും
അതേസമയം ബില്ല് പാർലമെന്‌റിൽ പാസാക്കിയെടുക്കുക ബി ജെ പിയെ സംബന്ധിച്ച് അത്ര എളുപ്പമായിരിക്കില്ല. ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് 5 ഭരണഘടന ഭേദഗതികൾ വരുത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ബില്ല് പാസാകണമെങ്കിൽ ഇരു സഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. അതായത് 362 എംപിമാരുടെ പിന്തുണ. നിലവിൽ ലോക്സഭയിലും രാജ്യസഭയിലും ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ സർക്കാർ തിരിച്ചടി നേരിട്ടേക്കാം.












Click it and Unblock the Notifications