ഒരുദിവസം ഞാനും പ്രധാനമന്ത്രി: ലാലു
പട്‌ന: മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചോ? അവസാനിച്ചു എന്ന് ആരൊക്കെ പറഞ്ഞാലും ഒരാള്‍ അത് സമ്മതിച്ചുതരില്ല. മറ്റാരുമല്ല, ലാലു തന്നെ. തന്റെ രാഷ്ട്രീയ ജീവിതം കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല, ഒരു നാള്‍ താന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും എന്ന് കൂടി ലാലു പ്രസാദ് യാദവ് ഉറച്ചുവിശ്വസിക്കുന്നുണ്ട്.
കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ലാലു പ്രസാദ് യാദവിന് വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ നിഷ്‌കളങ്കനാണ് എന്നും ഒരു ദിവസം രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തും എന്നുമായിരുന്നു ലാലുവിന്റെ മറുപടി. വാര്‍ത്താ ചാനലായ ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് ലാലു മനസു തുറന്നത്.

രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ അവസ്ഥയില്‍ തനിക്ക് സങ്കടമുണ്ട് എന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. തനിക്കെതിരായ കേസുകള്‍ രാഷ്ട്രീയപ്രേരിതമാണ്. ഒരേ ആരോപണവുമായി ബന്ധപ്പെട്ട് അമ്പതോളം കേസുകളാണ് തന്റെ പേരിലുളളത്. കേസന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സി ബി ഐ സഹായം ലഭിച്ചു എന്ന ആരോപണത്തെ ലാലു നിഷേധിച്ചു. ഗവര്‍ണറോ സി ബി ഐയോ തന്നെ സഹായിച്ചിട്ടില്ല.
നിഷേധാത്മക ചിന്തകള്‍ മാത്രം പ്രചരിപ്പിക്കുന്ന പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. സത്യത്തില്‍ ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് വേണ്ടത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 'മാഡം സോണിയാജിയിലും കുടുംബത്തിലും എനിക്ക് പൂര്‍ണവിശ്വാസമുണ്ട്. ഏറെക്കാലമായി അവരുടെ കുടുംബത്തോട് എനിക്ക് അടുപ്പമുണ്ട്'.












Click it and Unblock the Notifications